Homepage Featured Kerala News

മെസ്സി നവംബറിൽ വന്നേക്കില്ല; ഫിഫയുടെ നിർദേശമനുസരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കാനായില്ലെന്ന് മന്ത്രി വി അബ്ദുൾ റഹ്മാൻ

കൊച്ചി: ഫിഫയുടെ നിർദേശമനുസരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കാനാകാത്ത സാഹചര്യത്തിൽ മെസ്സിയടങ്ങുന്ന അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തിയേക്കില്ലെന്ന് മന്ത്രി വി അബ്ദുൾ റഹ്മാൻ. സ്റ്റേഡിയത്തിന് വേണ്ട അം​ഗീകാരങ്ങൾ ലഭിക്കേണ്ടിയിരുന്നത് വ്യാഴാഴ്ചയായിരുന്നെങ്കിലും പരിശോധനകൾ പൂർത്തിയാക്കിയത് വെള്ളിയാഴ്ചയാണെന്നും മന്ത്രി തുറന്നു സമ്മതിച്ചു.

പിഡബ്ല്യുഡി ഡിസൈൻ വിങ്ങ്, എൻഐടി തുടങ്ങിയവയുടെ പരിശോധനകൾ പൂർത്തിയായതായി മന്ത്രി പറഞ്ഞു. ഫയർ ആന്റ് സേഫ്റ്റിയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി. എന്നാൽ സ്റ്റേഡിയത്തിൽ ലൈറ്റുമായി ബന്ധപ്പെട്ട പണികൾ പൂർത്തിയായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സീറ്റിങ്ങുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുള്ളതായി മന്ത്രി പറയുന്നു. ഫിഫയുടെ അനുമതിയുമായി ബന്ധപ്പെട്ട് തടസ്സം നിലനിൽക്കുന്നതായും മന്ത്രി പറഞ്ഞു.

‘കഴിയുന്നത്ര വേ​ഗത്തിൽ ഇക്കാര്യങ്ങൾ ചെയ്തെങ്കിൽ കൂടി ഫിഫയുടെ അപ്രൂവലുമായി ബന്ധപ്പെട്ട വിഷയത്തിലാണിപ്പോൾ തടസ്സം നിലനിൽക്കുന്നത്. അതിന് നമ്മൾ വീണ്ടും ശ്രമിക്കുകയാണ്. ഈ ആഴ്ച തന്നെ അത് നേടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്’- മന്ത്രി പറഞ്ഞു. അടുത്ത മീറ്റിങ്ങിൽ വേണ്ട അനുമതി ലഭിച്ചേക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ആയിരത്തോളം പേർ സ്റ്റേഡിയത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും എത്രയും പെട്ടെന്ന് പണികൾ തീർക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി പറയുന്നു. സ്പോൺസർ ആണ് സ്റ്റേഡിയത്തിന്റെ പണികളടക്കം ഏറ്റെടുത്ത് നടത്തുന്നത്, കേരളം ഇതിനായി പരമാവധി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കാൻ പദ്ധതി രൂപീകരിച്ചിരുന്നത്.

ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ കേരളത്തിലെത്തുമെന്നും അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്നും നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. നവംബ‌ർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുകയെന്നും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നുമായിരുന്നു റിപ്പോര്‍ട്ട്.

ഇന്ത്യയിലേക്ക് വരാൻ മെസ്സിയും ടീമും തയ്യാറാണെന്നും എന്നാൽ കളിക്കിറങ്ങാൻ വേണ്ട സൗകര്യങ്ങളൊരുക്കാനാകാത്തതാണ് തടസ്സമെന്നും സ്പോൺസറും വ്യക്തമാക്കുന്നു.അതേസമയം ഒരു റോഡ് ഷോ മാത്രമായി ആണെങ്കിൽ അർജന്റീന ടീമിനെ കൊണ്ടുവരാൻ താൻ തയ്യാറാണെന്നും സ്പോൺസർ അറിയിച്ചു. ലോകകപ്പ് ജൂണിലാണെന്നും അതിനു മുമ്പുള്ള വിൻഡോയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും സ്പോൺസർ ആന്റോ അ​ഗസ്റ്റ്യൻ പറഞ്ഞു.

Related Posts