തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി സുഹൃത്ത് ഗോവർദ്ധന് കൈമാറിയ സ്വർണം എസ്ഐടി സംഘം കണ്ടെത്തിയതായി റിപ്പോർട്ട്. ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിലാണ് സ്വർണം വീണ്ടെടുത്തത്. എസ്.പി. ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡ്. ഏകദേശം 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് സംഘം കണ്ടെത്തിയത്. ഇതോടൊപ്പം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്ത് വീട്ടിൽ നിന്ന് സ്വർണ നാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് ഇന്നും തുടരും. ആദ്യം ബംഗളൂരുവിൽ എത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചത്. ബംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടന്ന സ്ഥലം, ഹൈദരാബാദിലെ ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ സ്ഥാപനം, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്നീ ഇടങ്ങളിലാണ് പരിശോധനയും തെളിവെടുപ്പും പുരോഗമിക്കുന്നത്.
ഈ മാസം 30ന് ആണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണം സുഹൃത്ത് ഗോവർദ്ധന് കൈമാറിയതായാണ് പോറ്റിയുടെ മൊഴി. ഈ കൈമാറ്റം നടന്നിട്ടുണ്ടോ, സ്വർണം മുഴുവനായും വീണ്ടെടുക്കാനാകുമോ എന്നതാണ് ഇപ്പോൾ എസ്ഐടിയുടെ പ്രധാന അന്വേഷണം. ശ്രീകോവിലിലെ കട്ടിളപ്പാളികൾക്ക് സ്വർണംപ്പൂശൽ നടത്തുന്നതിനായി നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെയും മൊഴിയെടുപ്പ് ഇന്ന് നടത്താനാണ് എസ്ഐടി തീരുമാനം.
















