Kerala Lead News News

പിഎം ശ്രീ വിവാദം: പ്രതിഷേധം ശക്തം, അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുമെന്ന് സൂചന

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിൽ വിവാദം ശക്തമാകുന്ന സാ​ഹചര്യത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ്. ഫണ്ട് ലഭിക്കുന്നതിനായി നയം മാറ്റാനാകില്ലെന്ന നിലപാടിൽ സിപിഐ ഉറച്ച് നിൽക്കുമ്പോൾ, എല്ലാം ചർച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാകുകയാണ്. ഘടകക്ഷികളെ അറിയിക്കാതെ എടുത്ത തീരുമാനത്തിൽ നിന്ന് സിപിഎം പിന്മാറണമെന്ന് സിപിഐ ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. അതേസമയം സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വെറും 40 ദിവസം മാത്രമാണ് ഉള്ളത്. ആറു മാസം കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പും എത്തും. മൂന്നാം പിണറായി സർക്കാരിനായി സിപിഎം പ്രചാരണം ശക്തമാക്കുന്നതിനിടയിലാണ് സിപിഐ യോഗങ്ങളിൽ മന്ത്രിമാരെ പിൻവലിക്കേണ്ടതുണ്ട് എന്നുൾപ്പടെയുള്ള കടുത്ത നിലപാടുകൾ ചർച്ചയായത്. സിപിഐ ദേശീയ നേതൃത്വം സിപിഎമ്മിനെതിരെ നിലപാട് കടുപ്പിക്കുകയും നന്ദിഗ്രാം സംഭവങ്ങൾ ഓർമ്മിപ്പിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ബംഗാളിൽ സംഭവിച്ച രീതിയിലുള്ള പ്രവണതകൾ ഇപ്പോൾ കേരളത്തിലും പ്രകടമാണെന്ന് സിപിഐ സെക്രട്ടറി സ്ഥിതി വിലയിരുത്തി.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിനെതിരെ സിപിഐ മുഖപത്രമായ ജനയുഗം തുറന്നടിച്ചു. മുന്നണി മര്യാദ ലംഘനമെന്നും, ആർഎസ്എസിന്റെ ഫാഷിസ്റ്റ് അജണ്ടയ്ക്ക് വഴങ്ങരുതെന്നും പത്രം കർശനമായി മുന്നറിയിപ്പ് നൽകി. ഘടകക്ഷികളെ ഇരുട്ടിൽ നിർത്തിയാണ് സിപിഎം തീരുമാനങ്ങൾ എടുത്തതെന്നതാണ് സിപിഐയുടെ പ്രധാന ആരോപണം. വർഗീയതയോടുള്ള വിട്ടുവീഴ്ച എൽഡിഎഫിന്റെ പാരമ്പര്യ നയത്തോട് വിരുദ്ധമാണെന്നും പതിറ്റാണ്ടുകളായുള്ള വർഗീയ വിരുദ്ധ നിലപാട് ഒരു ദിവസം കൊണ്ട് ഉപേക്ഷിക്കാനാവില്ലെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.

തിങ്കളാഴ്ച ചേരുന്ന സംസ്ഥാന നിർവാഹക സമിതി യോഗം നിർണായകമാകുമെന്നാണ് പ്രതീക്ഷ. കാത്തിരുന്ന് കാണാം എന്നാണ് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചത്. മറുവശത്ത് ചർച്ചയിലൂടെ പരിഹാരം കണ്ടെത്താം എന്ന് എം.വി. ഗോവിന്ദനും ടി.പി. രാമകൃഷ്ണനും വ്യക്തമാക്കിയപ്പോഴും, “എല്ലാ കാലത്തും ഒരേ നയത്തിൽ നിൽക്കാനാകില്ല” എന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത് ശ്രദ്ധേയമായി.

Related Posts