പ്രശസ്ത പരസ്യ ചിത്രകാരൻ പീയുഷ് പാണ്ഡെ അന്തരിച്ചു. കാഡ്ബറി, ഏഷ്യൻ പെയിന്റ്സ്, ഫെവിക്കോൾ തുടങ്ങിയവയ്ക്ക് വേണ്ടി ക്ലാസിക് പരസ്യങ്ങൾ ഒരുക്കിയത് പീയൂഷ് പാണ്ഡെയായിരുന്നു. ഗുജറാത്ത് ടൂറിസത്തിന്റെയും ഇന്ത്യൻ ടൂറിസത്തിന്റെയും മോദി സർക്കാരിന്റെ ‘അബ് കീ ബാർ മോദി സർക്കാർ’ പരസ്യത്തിനു പിന്നിൽ പ്രവർത്തിച്ചതും പീയൂഷ് പാണ്ഡെയായിരുന്നു.
ഹമാരാ ബജാജ് അടക്കം ഇന്ത്യ ഇന്നും ഓർമയിൽ സൂക്ഷിക്കുന്ന പരസ്യചിത്രങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ പരസ്യമേഖലയെ മാറ്റിമറിച്ചു. വോഡാഫോൺ പരസ്യ കാമ്പെയിനുകളായ പഗ്, സൂസൂസ് എന്നിവയ്ക്ക് പിന്നിലും അദ്ദേഹമുണ്ടായിരുന്നു. 2016 ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
‘ഇമോഷൻ’ വന്നാൽ പൊട്ടിക്കരയുന്ന ചിലപ്പോൾ തന്നെ കെട്ടിപ്പിടിക്കുന്നയാളായിരുന്നു അദ്ദേഹമെന്ന് പ്രശസ്ത പരസ്യചിത്ര സംവിധായകൻ പ്രകാശ് വർമ അനുസ്മരിച്ചു.
1982 ൽ പരസ്യക്കമ്പനിയായ ഓഗിൽവിയിൽ ക്ലയന്റ് സർവീസിംഗ് എക്സിക്യൂട്ടീവായി പാണ്ഡെ പരസ്യ ലോകത്തെത്തി. സൺലൈറ്റ് ഡിറ്റർജന്റിനായി തയ്യാറാക്കിയ പ്രിന്റ് പരസ്യമാണ് അദ്ദേഹം ആദ്യമെഴുതിയത്. 6 വർഷത്തിനുശേഷം അദ്ദേഹം ക്രിയേറ്റീവ് ഡിപ്പാർട്ട്മെന്റിൽ ചേർന്നു. ലൂണ, മോപ്പഡ്, ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ നിരവധി ശ്രദ്ധേയമായ പരസ്യങ്ങൾ സൃഷ്ടിച്ചു.
മൂന്ന് വർഷത്തിന് ശേഷം ഓഗിൽവിയിൽ അദ്ദേഹത്തിന് ക്രിയേറ്റീവ് ഡയറക്ടറായും പിന്നീട് ദേശീയ ക്രിയേറ്റീവ് ഡയറക്ടറായും സ്ഥാനക്കയറ്റം ലഭിച്ചു. 1994 ൽ പാണ്ഡെ ഡയറക്ടർ ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദി ഇക്കണോമിക് ടൈംസ് നടത്തിയ ഒരു സ്വതന്ത്ര മാർക്കറ്റിംഗ് & അഡ്വർടൈസിംഗ് സർവേയായ ഏജൻസി റെക്കോണറിൽ തുടർച്ചയായി 12 വർഷമായി പാണ്ഡേയുടെ നേതൃത്വത്തിൽ ഓഗിൽവി ഇന്ത്യ ഒന്നാം നമ്പർ പരസ്യ ഏജൻസിയായി റാങ്ക് ചെയ്യപ്പെട്ടു.
കാൻ ലയൺസ് ഫെസ്റ്റിവലിനുള്ള ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ ജൂറി പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. ഓഗിൽവി & മാത്തറിലെ 40 വർഷത്തെ അദ്ദേഹത്തിന്റെ സേവനത്തിനിടയിൽ ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ഏജൻസിയായി മാറി. 2006 സെപ്റ്റംബറിൽ, പാണ്ഡെ ഓഗിൽവി വേൾഡ്വൈഡ് ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബെർലിൻ സ്കൂൾ ഓഫ് ക്രിയേറ്റീവ് ലീഡർഷിപ്പിൽ ലോകമെമ്പാടുമുള്ള ക്രിയേറ്റീവ് എക്സിക്യൂട്ടീവുകളെ അദ്ദേഹം മെന്റർ ചെയ്തു.
1955 സെപ്റ്റംബർ 5 ന് ജയ്പുരിൽ ജനിച്ച പീയുഷ് പാണ്ഡെ ജയ്പുർ സെന്റ് സേവ്യേഴ്സ് സ്കൂളിലും ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമുള്ള പഠനത്തിനു ശേഷമായിരുന്നു പ്രമുഖ പരസ്യക്കമ്പനിയായ ഒഗിൾവിയിൽ ക്ലയന്റ് സർവീസ് എക്സിക്യുട്ടീവ് ആയി ജോലിക്ക് ചേർന്നത്.
















