Homepage Featured Kerala News

ആനക്കൊമ്പ് കേസ്; മോഹൻലാലിന് തിരിച്ചടി

കൊച്ചി: നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു.

കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ പെരുമ്ബാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാല്‍ സമർപ്പിച്ച ഹർജിയും മോഹൻലാലിനെ നടപടി ആവശ്യപ്പെട്ട് ജെയിംസ് മാത്യു എന്നയാള്‍ സമർപ്പിച്ച ഹർജിയിലുമാണ് വിധി. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.

തേവരയിലെ വീട്ടില്‍ നിന്നും 2011ല്‍ ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ മോഹൻലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസ് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കിയായിരുന്നു വിചാരണ കോടതി ഉത്തരവ്. അതിനെതിരെ മോഹൻലാല്‍ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ സമ്പാദിച്ചിരുന്നു. ഈ കേസിലാണ് കോടതി ഇന്ന് അന്തിമ വിധി പറഞ്ഞത്.

ആനക്കൊമ്പ് പിടിച്ചെടുക്കുന്ന സമയത്ത് മോഹൻലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ മോഹൻലാലിന്‍റെ അപേക്ഷ പരിഗണിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. 2015 ൽ കൈവശ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോള്‍ 2015ലെ ഗസറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ്, സര്‍ക്കാരിന്‍റെ പിഴവായി ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത്.

Related Posts