Cricket Homepage Featured Sports

എല്ലാം അവസാനിച്ചെന്നാണോ നിങ്ങള്‍ കരുതുന്നത്? കോലിയെ പിന്തുണച്ച് ഗവാസ്‌കര്‍

സ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ താരം വിരാട് കോലിയെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍. കരിയര്‍ അവസാനിക്കുന്ന ഘട്ടത്തില്‍ നിന്ന് ഇപ്പോഴും വളരെ അകലെയാണ് കോലിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ഏകദിനങ്ങളിലെ മോശം പ്രകടനം കൊണ്ട് മാത്രം കോലിയുടെ കരിയറിനെ അളക്കാന്‍ കഴിയില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

‘ ഇപ്പോഴത്തെ പ്രകടനവുമായി ബന്ധപ്പെട്ട് കാടുകയറിയുള്ള ആഖ്യാനങ്ങളുടെ ആവശ്യമില്ല. കോലിയില്‍ ഇനിയും ഒരുപാട് ക്രിക്കറ്റുണ്ട്, ഇനിയും ഒരുപാട് കളിക്കും. സിഡ്‌നിയില്‍ അദ്ദേഹത്തില്‍ നിന്ന് വലിയൊരു ഇന്നിങ്‌സ് പ്രതീക്ഷിക്കാം. രണ്ട് കളികളില്‍ പൂജ്യത്തിനു പുറത്തായെന്ന് കരുതി കോലിയുടെ കരിയര്‍ അവസാനിക്കാന്‍ പോകുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമില്ല,’ ഗവാസ്‌കര്‍ പറഞ്ഞു.

‘ ഇനിയും ഉയരങ്ങളിലേക്ക് അവന്‍ പോകും. സിഡ്‌നിക്കു ശേഷവും ഒരുപാട് ഏകദിന മത്സരങ്ങള്‍ വരാനിരിക്കുന്നു. ഇന്ത്യയില്‍ വെച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുണ്ട്. കരിയര്‍ അവസാനിക്കുന്ന നിമിഷത്തില്‍ നിന്ന് ഇപ്പോഴും വളരെ അകലെയാണ് കോലി,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. അതിനാല്‍ തന്നെ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. പക്ഷേ ഒന്നാം ഏകദിനത്തില്‍ എട്ട് പന്തില്‍ പൂജ്യത്തിനും രണ്ടാം ഏകദിനത്തില്‍ നാല് പന്തില്‍ പൂജ്യത്തിനും കോലി പുറത്തായി. ഏകദിന കരിയറില്‍ ആദ്യമായാണ് കോലി തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിനു പുറത്താകുന്നത്. സിഡ്‌നിയില്‍ നടക്കാന്‍ പോകുന്ന മൂന്നാം ഏകദിനത്തില്‍ കോലിയുടെ ബാറ്റില്‍ നിന്ന് റണ്‍മഴ പ്രതീക്ഷിക്കുകയാണ് ആരാധകര്‍.

Related Posts