കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ നേരിട്ടത് പോലീസിന്റെ ആസുത്രിത ആക്രമണമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി ഷാഫി പറമ്പിൽ എം.പി. തന്നെ ആക്രമിച്ചത് സേനയിൽ നിന്ന് പിരിച്ചുവിട്ട പോലീസുകാരനാണെന്നും ഷാഫി വ്യക്തമാക്കുന്നു. പോലീസുകാരന്റെ ചിത്രം അടക്കം പങ്കുവച്ചാണ് ഷാഫി മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആക്രമിച്ചത് അഭിലാഷ് ഡേവിഡ് എന്ന പോലീസുകാരനാണെന്നും ശ്രീകാര്യം എസ്എച്ച്ഓ ആയിരുന്ന ഇയാളെ ലൈംഗീക പീഡനക്കേസിൽ നടപടി സ്വീകരിക്കാത്തതിന് 2023 ജനുവരി 16ന് സസ്പെൻഡ് ചെയ്തതാണെന്നും ഷാഫി വെളിപ്പെടുത്തുന്നു.
അതേ വർഷം ജനുവരി 19ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടയാൾ എങ്ങനെ യൂണിഫോമിട്ട് പോലീസ് മാർച്ചിൽ എത്തി എന്ന ചോദ്യവും ഷാഫി ഉന്നയിക്കുന്നു. അഭിലാഷ് ഡേവിഡ് ഉൾപ്പടെ മൂന്നു പോലീസുകാരെ സേനയിൽ നിന്നും പിരിച്ചുവിട്ടെന്ന പത്രവാർത്തകൾ പങ്കുവച്ചുകൊണ്ടാണ് ഷാഫി രംഗത്തെത്തിയത്.
തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ല. സി.പി.എമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി. നിലവിൽ അഭിലാഷ് ഡേവിഡ് വടകര കൺട്രോൾ റൂം സിഐയാണെന്നും വഞ്ചിയൂർ സിപിഎം ഓഫീസിലെ നിത്യ സന്ദർശകനാണ് അഭിലാഷ് ഡേവിഡ് എന്നും ഷാഫി പറമ്പിൽ പ്രതികരിക്കുന്നത്.
സംഘർഷമുണ്ടാകുന്ന തരത്തിൽ പേരാമ്പ്രയിൽ ഒരുതരത്തിലുള്ള നീക്കവും ഉണ്ടായിരുന്നില്ല. അടിക്കുന്ന സമയത്ത് ഒരു സംഘർഷമോ കല്ലേറോ ഉണ്ടായിട്ടില്ല. പോലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് പരിക്കുണ്ടായത്. ഗ്രനേഡ് കൈയിൽ വച്ച് ഒരു കൈയിൽ ലാത്തി കൊണ്ട് ഡിവൈഎസ്പി ഹരിപ്രസാദ് അടിക്കാൻ ശ്രമിച്ചെന്നും ഷാഫി പ്രതികരിച്ചു.
ഇത്ര വലിയ മർദനമേറ്റിട്ടും അവിടുന്നു ഓടി ആശുപത്രിയിൽ പോകാഞ്ഞത് പ്രവർത്തകരെ പിരിച്ചു വിടാൻ വേണ്ടിയാണെന്നും ഷാഫി പ്രതികരിച്ചു. പേരാമ്പ്രയിൽ ആക്രമണം ഉണ്ടായത് ശബരിമല വിഷയം മാറ്റാനാണ്. ആസൂത്രിതമായ അക്രമമാണ് പോലീസ് നടത്തിയത്. പോലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കുണ്ടായത്.
മർദിച്ചില്ലെന്ന് പറഞ്ഞ എസ്പിക്ക് പോലും അത് മാറ്റിപ്പറയേണ്ടി വന്നു. എഐ ടൂൾ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞു നടപടിയെടുക്കും എന്ന് പറഞ്ഞു. എന്നിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.സിപിഎം ഇടപെടലിനെ തുടർന്നാണ് എസ്പി അന്വേഷണം നിർത്തിയതെന്നും ഷാഫി പറമ്പിൽ എം.പി കുറ്റപ്പെടുത്തി.
















