ഏകദിന നായകസ്ഥാനത്തു നിന്ന് മുഹമ്മദ് റിസ്വാനെ നീക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതിന്റെ കാരണം പുറത്ത്. വാതുവയ്പ് കമ്പനികളുമായി സഹകരിക്കാന്‍ തനിക്കു സാധിക്കില്ലെന്ന് റിസ്വാന്‍ നിലപാടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് റിസ്വാനെ നായകസ്ഥാനത്തു നിന്ന് മാറ്റി പകരം ഷഹീന്‍ ഷാ അഫ്രീദിയെ കൊണ്ടുവന്നിരിക്കുന്നത്.
റിസ്വാനെ മാറ്റിയതിനു കാരണം പാക് ക്രിക്കറ്റ് ബോര്‍ഡ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വാതുവെയ്പ് കമ്പനികളുമായുള്ള പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ സഹകരണവും റിസ്വാനു അതിനോടുള്ള വിയോജിപ്പുമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് വാതുവെയ്പ് കമ്പനികളുമായി സഹകരിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. അങ്ങനെ വന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ വാതുവെയ്പ് കമ്പനികളുടെ പരസ്യത്തില്‍ അടക്കം റിസ്വാനു ഭാഗമാകേണ്ടിവരും. വാതുവെയ്പ് കമ്പനികളുമായി സഹകരിക്കുന്നതില്‍ തനിക്ക് വിയോജിപ്പുണ്ടെന്ന് റിസ്വാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. അങ്ങനെയെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുകയല്ലാതെ വേറെ വഴിയില്ലെന്ന നിലപാടിലായിരുന്നു പാക്കിസ്ഥാന്‍.
നായകസ്ഥാനത്തു നിന്ന് മാറ്റുന്നതിനു മുന്‍പ് പാക് ക്രിക്കറ്റ് ബോര്‍ഡ് റിസ്വാനോടു ഇതേ കുറിച്ച് സംസാരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തന്നെ അപമാനിച്ചു പുറത്താക്കിയെന്ന നിരാശ റിസ്വാനുമുണ്ട്.
കടുത്ത മതവിശ്വാസിയായ റിസ്വാന്‍ ഇതാദ്യമായല്ല വാതുവെയ്പ്പിനെ എതിര്‍ക്കുന്നത്. കരീബിയന്‍ ലീഗില്‍ കളിക്കുമ്പോള്‍ വാതുവെയ്പ്പ് കമ്പനിയുടെ ലോഗോയുള്ള ജേഴ്സി റിസ്വാന്‍ ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. പ്രധാന സ്പോണസര്‍ വാതുവെയ്പ്പ് കമ്പനിയായതിനാല്‍ അവരുടെ ലോഗോയുള്ള ജേഴ്സി റിസ്വാന്‍ ധരിച്ചില്ല.
















