തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേർന്നാൽ സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അംഗീകരിക്കണമെന്നതാണ് പദ്ധതിയുടെ മാർഗ്ഗരേഖയിലെ ആദ്യ വ്യവസ്ഥ. അതിനാൽ എൻഇപി നടപ്പാക്കില്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് സർക്കാരിന് പദ്ധതിയുടെ ഫണ്ട് ആവശ്യപ്പെടാനാകില്ല. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിലും എൻഇപി സംസ്ഥാനതലത്തിൽ നടപ്പാക്കണമെന്ന വ്യവസ്ഥ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ “ഫണ്ട് വേണം, പക്ഷേ നയം നടപ്പാക്കില്ല” എന്നതാണ് നിലവിൽ വിദ്യാഭ്യാസമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും നിലപാട്. പക്ഷേ പിഎം ശ്രീയിൽ ചേരുന്ന സംസ്ഥാനങ്ങൾക്ക് എൻഇപി നടപ്പാക്കാതെ വഴിയില്ല. പദ്ധതിയുടെ കരട് ചട്ടക്കൂടിലെ ഒൻപത് വ്യവസ്ഥകളിൽ ആദ്യത്തേതിൽ എൻഇപിക്ക് മുൻഗണനയും പ്രചാരണവും നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
ഓരോ ബ്ലോക്കിലും തെരഞ്ഞെടുക്കുന്ന രണ്ട് സ്കൂളുകൾ പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടും. എന്നാൽ പദ്ധതിയിൽ ഒപ്പ് വെക്കുന്ന സംസ്ഥാനത്ത് എൻഇപി നടപ്പാക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഫണ്ടിനായി എൻഇപി അനിവാര്യമാണ് എന്ന നിലപാട് ആവർത്തിച്ചിരുന്നു.
അതേസമയം പദ്ധതി നടപ്പാക്കുന്നതിൽ സിപിഐ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ പാർട്ടി നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീയെന്നും ബിനോയ് വിശ്വം പറഞ്ഞു.
















