Homepage Featured Kerala News

താമരശ്ശേരി അറവ് മാലിന്യ പ്ലാന്റിലെ സംഘർഷം; ഭീതിപെടുത്തുന്ന ആക്രമണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെ നടന്ന സംഘർഷത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മുഖം മറച്ച സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പെട്രോളുമായി എത്തിയ അക്രമികൾ വാഹനങ്ങൾക്ക് തീ ഇട്ടതോടൊപ്പം പ്ലാന്റിനകത്തെ ഫാക്ടറിയും കത്തിച്ചു. തൊഴിലാളികളെയും ജീവനക്കാരെയും ആക്രമിച്ചതായും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസിനെ തടഞ്ഞുവെന്നും തൊഴിലാളികൾ ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് കൂടിയായ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. മെഹറൂഫിനെ ഒന്നാം പ്രതിയായി പൊലീസ് ചുമത്തി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. പ്രതികളെ പിടികൂടാൻ വ്യാപകമായ തെരച്ചിൽ പൊലീസ് ആരംഭിച്ചു.

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലും കൊടുവള്ളി നഗരസഭയിലുമുള്ള സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് പ്ലാന്റിന് മുന്നിൽ നടന്ന സമരത്തിനിടെ സംഘർഷം ഉണ്ടായതോടെയാണ് സ്ഥിതി നിയന്ത്രണാതീതമായി. സംഭവത്തിൽ കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു.

അതേസമയം, പൊലീസ് നടപടിയെ ശക്തമായി വിമർശിച്ച് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ പ്രതികരിച്ചു. സമരക്കാരുടെ പക്കൽ കോൺഗ്രസ് നിൽക്കുമെന്നും സമര സ്ഥലം കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. “ഡിഐജിയുടെ ആസൂത്രിത അക്രമ ആരോപണം വിശ്വസിക്കാനാവില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കുകൾക്ക് വിശ്വാസ്യതയില്ല,” ഡിസിസി പ്രസിഡൻറ് പ്രവീൺകുമാർ പറഞ്ഞു. ഷാഫി പറമ്പിലിനെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസിന് നിലപാട് മാറ്റേണ്ടി വന്നത് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts