പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന യാത്രയിൽ പ്രമാടത്ത് വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ കുടുങ്ങി. പോലീസും ഫയർഫോഴ്സും ചേർന്ന് പിന്നീട് ഹെലിക്കോപ്റ്റർ തള്ളി മുന്നോട്ട് നീക്കുകയായിരുന്നു. സംഭവത്തിൽ രാഷ്ട്രപതിയുടെ യാത്രയ്ക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. സുരക്ഷിതമായി തന്നെയാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. ലാന്റിങ്ങിന് ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ കുടുങ്ങിയത്.
തിരുവനന്തപുരത്ത് നിന്ന് രാഷ്ട്രപതിയുമായി എത്തുന്ന ഹെലിക്കോപ്റ്റർ നിലയ്ക്കൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തുടർന്ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്കാണ് ഹെലികോപ്റ്റർ ഇറക്കാൻ തീരുമാനമായത്. എന്നാൽ ഇന്ന് രാവിലെയാണ് പ്രമാടത്ത് ഹെലികോപ്റ്റർ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമാണം പൂർത്തിയാക്കിയത്. അതിനാൽ കോൺക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല, ഇതാണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കുടുങ്ങാൻ കാരണമായത്.
















