തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുടിശ്ശിക തീർക്കാനായില്ലെന്ന കാരണത്താൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് വിതരണക്കാർ. കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തിൽ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കാനാണ് വിതരണക്കാരുടെ തീരുമാനം. ആവശ്യമായ ഉറപ്പുകൾ ലഭിക്കാത്തതിനെ തുടർന്ന് നിയമനടപടികൾ ഉൾപ്പെടെ പരിഗണിക്കാൻ വിതരണക്കാരുടെ യോഗം തീരുമാനിച്ചു.
ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വിതരണക്കാർ ഉപകരണങ്ങൾ തിരിച്ചെടുക്കുകയും ചെയ്തു. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ കുടിശ്ശിക തീർക്കാൻ കൂടുതൽ സമയം തേടിയിരുന്നെങ്കിലും ഉറപ്പുകൾ ലഭിച്ചില്ലെന്ന് വിതരണക്കാർ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആദ്യം സ്റ്റോക്ക് തിരിച്ചെടുക്കാൻ അനുമതി നൽകിയിരുന്നില്ലെങ്കിലും കുടിശ്ശിക ഉടൻ തീർക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുകയാണ്.
ഏകദേശം 159 കോടി രൂപയാണ് ഹൃദയ ശസ്ത്രക്രിയ ഉപകരണ വിതരണക്കാർക്ക് ആരോഗ്യവകുപ്പ് കുടിശ്ശികയായി നൽകാനുള്ളത്. പലവട്ടം മുന്നറിയിപ്പുകളും തിരിച്ചടയ്ക്കാൻ അധികം സമയവും നൽകിയിട്ടും ഇതിൽ 30 കോടി രൂപ മാത്രമാണ് ആരോഗ്യവകുപ്പിന് തിരിച്ചടയ്ക്കാൻ കഴിഞ്ഞത്. ഇതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണമായത്.
അതേസമയം, കുടിശ്ശിക തീർക്കാനായി ആരോഗ്യവകുപ്പ് ധനവകുപ്പിനോട് അടിയന്തരമായി 250 കോടി രൂപ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ 100 കോടി രൂപയെങ്കിലും ലഭിച്ചാൽ താത്കാലിക പരിഹാരമാകാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രി വീണ ജോർജ്.
















