തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പുതിയ കണ്ടെത്തൽ. ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ടുപോയത് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യം. എസ്ഐടി സംഘം അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ അനന്തസുബ്രഹ്മണ്യം കൊണ്ടുപോകുകയും പിന്നീട് നാഗേഷിന് കൈമാറുകയും ചെയ്തു എന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തൽ.
അതേസമയം, എസ്ഐടി സംഘം നാളെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളടങ്ങിയ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. ബോർഡ് അംഗങ്ങൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളും ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളും ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് നൽകുക. പോറ്റിയുടെ കയ്യിൽ നിന്ന് വട്ടിപ്പലിശയ്ക്ക് പണം കടം വാങ്ങിയവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തും.
താൻ ഒറ്റയ്ക്കല്ലെന്നും ബോർഡ് അംഗങ്ങളും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്നാണ് കൊള്ള നടത്തിയത് എന്നുമാണ് പോറ്റിയുടെ മൊഴി. ഇതിന് വേണ്ടി ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലായി ഗൂഢാലോചന നടന്നതായും പോറ്റി പറഞ്ഞു. താൻ വെറും ഇടനിലക്കാരനാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനകളുടെ വിവരങ്ങളും, പുതിയ വെളിപ്പെടുത്തലുകളും ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്. പഴയ ബോർഡ് അംഗങ്ങൾക്കൊപ്പം നിലവിലെ ബോർഡ് അംഗങ്ങളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമോ എന്നത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ ദ്വാരപാലക ശിൽപ്പങ്ങൾ വീണ്ടും സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് നിലവിലെ ബോർഡാണ്. ബെംഗളൂരു കേന്ദ്രീകരിച്ച ഗൂഢാലോചനയിൽ കൽപ്പേഷ്, നാഗേഷ് എന്നിവരും പ്രതികളായി ഉൾപ്പെടും.
















