തിരുവനന്തപുരം: ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതിനു മുന്നോടിയായി ലോറി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവുമായി മോട്ടോർവാഹനവകുപ്പ്. ലൈൻ ട്രാഫിക്കിൽ ആണ് പ്രത്യേക പരിശീലനം നൽകുക. അതേസമയം ആംബുലൻസ് ഡ്രൈവർമാർക്കും അടിയന്തിര സാഹചര്യങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ ക്ലാസ് നൽകും.
എടപ്പാൾ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 14 ജില്ലാ ഉപകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇവയിലാകും പരിശീലനം നൽകുക
വകുപ്പിന്റെ ഡ്രൈവർ പരിശീലനകേന്ദ്രത്തിലാകും ഇതിനുള്ള സൗകര്യമൊരുക്കുക. പുതിയ ആറുവരി ദേശീയപാതകളിലെ അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ലൈൻ ട്രാഫിക്കിലെ പിഴവാണ്. പാർക്കിങ്ങിലും നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇതിനായി ഡ്രൈവർമാരെ പ്രാപ്തരാക്കലാണ് ട്രെയിനിങ്ങിന്റെ പ്രധാന ലക്ഷ്യം. നിലവിൽ കണ്ടെയ്നർ ഡ്രൈവർമാർക്കടക്കം പ്രത്യേക പരിശീലനം നൽകിയിരുന്നില്ല. എന്നാൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളും, രാസമിശ്രിതങ്ങളും കൊണ്ടുപോകുന്ന ഡ്രൈവർമാർക്ക് പ്രത്യേക സുരക്ഷാ കോഴ്‌സുണ്ട്.
അപകടങ്ങൾ ഒഴിവാക്കാനും അടിയന്തിര സാഹചര്യങ്ങളെ നേരിടാനും ആംബുലൻസ് ഡ്രൈവ്രമാർക്കും പരിശീലനമൊരുക്കും. 6000 ലധികം ആംബുലൻസുകളാണ് സംസ്ഥാനത്തുള്ളത്. ആശുപത്രികളും സന്നദ്ധസംഘടനകളും അവരുടെ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്വകാര്യ ആംബുലൻസുകളിൽ തൊഴിലെടുക്കുന്നവർക്ക് പൊതുവേ പരിശീലനം ലഭിക്കാറില്ല. അപകടത്തിൽ പെടുന്നവരെ വാഹനത്തിൽ കയറ്റുന്ന കാര്യത്തിലും പരിശീലനം ആവശ്യമാണ്.
















