കൊച്ചി: കടവന്ത്രയിൽ നടത്താനിരുന്ന സ്വതന്ത്രചിന്തകരുടെ പരിപാടി സുരക്ഷാ ഭീഷണിയെത്തുടർന്ന് താത്കാലികമായി നിർത്തിവെച്ചു. തോക്കുമായി യുവാവ് എത്തിയതാണ് പരിപാടി നിർത്താൻ കാരണം. തോക്കുമായി എത്തിയ പിആർ അജീഷിനെ സംഘാടകർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കസ്റ്റെഡിയിലെടുത്തു.
തോക്ക് കൈയിൽ വെയ്ക്കാൻ ലൈസൻസുള്ളയാളാണ് അജീഷെന്നും ഇയാൾക്കെതിരെ വധഭീഷണിയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. അതേസമയം ബോംബ് സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയ്ക്ക് ശേഷം പരിപാടി പുനരാരംഭിക്കാനായി ആളുകളെ ഹാളിലേക്ക് പ്രവേശിപ്പിക്കാനാരംഭിച്ചു. 3000 ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സ്പോട്ട് രജിസ്ട്രേഷനും നടത്തുന്നുണ്ട്.
ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനം ‘ലിറ്റ്മസ് 25’ എന്ന എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയിലാണ് ‘സ്പോട്ട് രജിസ്ട്രേഷൻ’ നടത്തി അജീഷ് തോക്കുമായി എത്തിയത്. പരിപാടിയിലെ ബൊൺസേഴ്സാണ് പിആർ അജീഷിന്റെ കൈയിൽ തോക്ക് കണ്ടെത്തിയത്. എസെൻസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഇത്തവണ, പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും ആകിറ്റിവിസ്റ്റുമായ തസ്ലിമ നസ്റിനാണ്.
















