ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കാന്താര ചാപ്റ്റർ 1. വമ്പൻ ചിത്രങ്ങൾക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് കാന്താര. സിനിമ കാണുന്നതിന് ഭാഷ ഒരു പ്രശ്നമല്ലാതായി മാറിയിരിക്കുന്നു. എസ് എസ് രാജമൌലിയുടെ ബാഹുബലിയില്‍ നിന്ന് ആരംഭിച്ച സ്വീകാര്യതയാണ് അത്. ഇന്ന് അത് കാന്താര ചാപ്റ്റര്‍ 1 വരെ എത്തിനില്‍ക്കുന്നു.
ആദ്യ ദിനം മുതല്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം പല റെക്കോര്‍ഡുകളും സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ ഒരു എലൈറ്റ് ക്ലബ്ബിലേക്കും ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. ഇന്ത്യയില്‍ നിന്ന് മാത്രം നെറ്റ് കളക്ഷനില്‍ 500 കോടി മറികടക്കുന്ന ചിത്രമായിരിക്കുകയാണ് കാന്താര ചാപ്റ്റര്‍ 1. ഈ നേട്ടം സ്വന്തമാക്കുന്ന 12-ാം ചിത്രമാണ് കാന്താര.
രാജമൌലിയുടെ ബാഹുബലി 2 ആണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്ന് 1030.42 കോടി നെറ്റ് കളക്ഷന്‍ നേടിയിരുന്നു ഈ ചിത്രം. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടയില്‍ മറ്റ് 10 ചിത്രങ്ങള്‍ കൂടി ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 506.25 കോടിയാണ് കാന്താര ചാപ്റ്റര്‍ 1 ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍.
പുഷ്പ 2, കെജിഎഫ് 2, ആര്‍ആര്‍ആര്‍, കല്‍കി 2898 എഡി, ജവാന്‍, ഛാവ, സ്ത്രീ 2, അനിമല്‍, പഠാന്‍ എന്നിവയാണ് ഇന്ത്യയില്‍ നെറ്റ് കളക്ഷനില്‍ 500 കോടിക്ക് മുകളില്‍ നേടിയ മറ്റ് ചിത്രങ്ങള്‍. പുഷ്പ 2 ആണ് ഈ പട്ടികയില്‍ ഒന്നാമത്. 1234.1 കോടിയാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ ബോക്സ് ഓഫീസ് നെറ്റ്. രണ്ടാമതാണ് ബാഹുബലി 2.
















