ചമ്മന്തി മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ്. ഉച്ചയൂണിനൊപ്പം കൂട്ടാൻ നല്ല എരിവുള്ള ഒരു ചമ്മന്തി കൂടി ഉണ്ടെങ്കിൽ ഊണ് കുശാലാകും. സാധാരണയായി തേങ്ങ ചേർത്താണ് ചമ്മന്തി അരച്ചെടുക്കുന്നത്. മിക്സിയിൽ അല്ലാതെ കല്ലിൽ അരച്ചെടുക്കുന്ന ചമ്മന്തിക്ക് ഒരു പ്രത്യേക സ്വാദാണ്. ഇനി ചമ്മന്തി അരയ്ക്കാൻ തേങ്ങ ഇരിപ്പില്ലെന്ന് കരുതി നിങ്ങളുടെ ഇഷ്ട വിഭവം മാറ്റി വയ്ക്കേണ്ട. തേങ്ങ ഇല്ലാതെ രുചികരമായ ചമ്മന്തി തയ്യാറാക്കാൻ സാധിക്കും.
വെറും രണ്ട് മിനിറ്റിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു കിടിലൻ പപ്പട ചമ്മന്തിയുടെ റെസിപ്പി പരിചയപ്പെടാം. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
വെളിച്ചെണ്ണ
ചുവന്നുള്ളി
വറ്റൽമുളക്
വാളൻപുളി
വെള്ളം
പപ്പടം
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കുക, ഇതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്പോൾ ചുവന്നുള്ളി ചേർത്തു വഴറ്റാം. അതിന്റെ നിറം മാറി വരുമ്പോൾ വറ്റൽമുളകും വാളൻ പുളി കുതിർത്തു വച്ച വെള്ളവും ചേർത്തിളക്കാം. ഇതൊരു മിക്സി ജാറിലേക്ക് മാറ്റി അരയ്ക്കാം. അതിലേയ്ക്ക് ചുട്ടു വച്ച പപ്പടം പൊടിച്ചിളക്കി യോജിപ്പിക്കാം. തേങ്ങ ചേർക്കാത്ത നല്ല രുചികരമായ പപ്പട ചമ്മന്തി തയ്യാർ. ചൂട് ചോറിനൊപ്പം കൂട്ടി കഴിച്ചു നോക്കൂ, രുചിയിൽ ആരും മയങ്ങിപ്പോകും.
















