ബ്രസൽസ്: മെഹുല്‍ ചോക്സിയെ ബെൽജിയം ഇന്ത്യയ്ക്ക് കൈമാറിയേക്കും. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പിലുള്ള കോടതി ചോക്സിയെ കൈമാറാൻ അനുമതി നൽകി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടിയുടെ പണം തട്ടിയതുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിക്കുന്ന പ്രതിയാണ് മെഹുൽ ചോക്സി.
2011 നും 2018 നും ഇടയിൽ നടന്ന വൻ തട്ടിപ്പിൽ ക്രിമിനൽ ഗൂഢാലോചന കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് കേന്ദ്ര ഏജൻസികൾ കുറ്റം ചുമത്തിയിരുന്നു. ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്ന് 2025 ഏപ്രില്‍ 11- ന് ആന്റ്വെര്‍പ്പ് പോലീസ് ചോക്സിയെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോകാനുള്ള സാധ്യത കണക്കിലെടുത്ത് ബെൽജിയൻ കോടതി ഇയാൾക്ക് ജാമ്യവും നിഷേധിച്ചിരുന്നു.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ബോൽജിയൻ നിയമപ്രകാരവും കുറ്റകരമാണെന്ന് കോടതി വിലയിരുത്തി. ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകിയെങ്കിലും മെഹുൽ ചോക്സിക്ക് മേൽക്കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്. ഇയാളെ കൈമാറിയാൽ സുരക്ഷിതമായ ജയിലിൽ പാർപ്പിക്കുമെന്ന് ബെൽജിയത്തിന് ഇന്ത്യ ഉറപ്പു നൽകിയിട്ടുണ്ട്.
ചോക്സിയെ വിട്ടുകിട്ടാനായി സിബിഐ മൂന്നു തവണ ബെൽജിയത്തിലെത്തി തെളിവുകൾ കൈമാറിയിരുന്നു. കൈമാറ്റ നടപടികൾക്ക് സഹായിക്കുന്നതിനായി ഒരു യൂറോപ്യൻ നിയമ സ്ഥാപനത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം 2017 നവംബറില്‍ ആന്റിഗ്വയുടെയും ബാര്‍ബുഡയുടെയും പൗരത്വം നേടിയ ശേഷം 2018 ഡിസംബറില്‍ താൻ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി മെഹുൽ ചോക്സി പറഞ്ഞു. എന്നാൽ ഈ വാദം ഇന്ത്യ അംഗീകരിച്ചില്ല.
















