Homepage Featured India News

തമന്നയ്ക്കും സാമന്തയ്ക്കും രാകുലിനും ഒരേ അഡ്രസിൽ വ്യാജ വോട്ട‍ർ ഐ‍ഡി കാർഡുകൾ; പോലീസ് കേസെടുത്തു

ഹൈദരാബാദ്: സിനിമാതാരങ്ങളായ സാമന്ത റൂത്ത് പ്രഭു, രാകുൽ പ്രീത് സിംഗ്, തമന്ന ഭാട്ടിയ എന്നിവരുടെ പേരിൽ വ്യാജ വോട്ടർ ഐഡി കാർഡുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. വ്യാജമെന്ന് സ്ഥിരീകരിച്ച ഈ മൂന്ന് കാർഡുകളിലും ‘8-2-120/110/4″ എന്ന ഒരേ വിലാസമാണ് നൽകിയിരിക്കുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വോട്ടർമാരാണെന്ന് കാണിച്ചാണ് ഇവരുടെ പേരും ചിത്രവും വിലാസവുമുള്ള വോട്ടർ ഐഡി കാർഡുകൾ പ്രചരിക്കുന്നത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം ആരംഭിച്ചു.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ സഫ്ഗുഡ സർക്കിൾ-19 അസിസ്റ്റന്റ് മുനിസിപ്പൽ കമ്മീഷണറും 61-ജൂബിലി ഹിൽസ് അസംബ്ലി മണ്ഡലത്തിലെ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ സയ്യിദ് യഹിയ കമൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ചില വ്യക്തികൾ നടിമാരുടെ വിലാസങ്ങൾ തിരുത്തിയും, ചിത്രങ്ങൾ മാറ്റിയും, അസാധുവായ വോട്ടർ ഐഡി കാർഡുകളിലെ നമ്പറുകൾ ഉപയോഗിച്ചും വ്യാജ ഐഡികൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്ന തെറ്റായതോ തെറ്റിദ്ധാരണാജനകമായതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

ഈ മാസം ആദ്യം തെലങ്കാന കോൺഗ്രസ് നേതാവ് നവീൻ യാദവിനെതിരെ വ്യാജ വോട്ടർ ഐഡികൾ വിതരണം ചെയ്തതിന് കേസെടുത്തിരുന്നു. പ്രാദേശിക താമസക്കാർക്ക് വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്യുന്നതിന്‍റെ ചിത്രങ്ങളോടുകൂടിയ പത്രവാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

Related Posts