ഡൽഹി: നാൽപ്പത് – അമ്പത് വർഷത്തിനുള്ളിൽ ഇന്ത്യ സ്വതന്ത്ര ലോകത്തിന്റെ നേതൃ പദവിയിലെത്തുമെന്ന് ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി അബട്ട് പറഞ്ഞു. എൻഡിടിവി വെള്ളിയാഴ്ച സംഘടിപ്പിച്ച ലോക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസിന്റെ ഇന്ത്യയ്ക്കെതിരെയുള്ള നീക്കത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു.
‘ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതാണെന്നും നാൽപ്പത് അമ്പത് വർഷങ്ങൾക്കുള്ളിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായാലും അയാൾ യുഎസിൽ നിന്ന് സ്വതന്ത്ര ലോകത്തിന്റെ നേതൃത്വമേറ്റെടുക്കും.’
-ടോണി അബട്ട് പറഞ്ഞു. ഇന്ത്യ ലോകത്തിന്റെ പുതിയ ‘സൂപ്പർ പവർ’ ആണെന്നും ജനാധിപത്യ രീതിയിൽ ചൈനക്ക് ഏഷ്യാ പസഫിക് മേഖലയിലെ എതിരാളിയാകുമെന്നും അബട്ട് പറഞ്ഞു. ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ശക്തനും വിശ്വസ്ഥനുമായ പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ൽ ഇന്ത്യ ഓസ്ട്രേലിയയുമായും കഴിഞ്ഞമാസം യുകെയുമായും ധാരണയിലെത്തിയ വ്യാപാര കരാർ ജനാധിപത്യ ലോകം ചൈനയിൽ നിന്നകന്ന് ഇന്ത്യയോടടുക്കുന്നതിന്റെ സൂചനയാണെന്നും ടോണി അബട്ട് പറയുന്നു. ഇന്ത്യയ്ക്ക് ചൈന, പാക്കിസ്ഥാൻ, യുഎസ് എന്നിവയുമായുള്ള ബന്ധം പരിശോധിക്കുമ്പോൾ ഇന്ത്യയ്ക്ക് ലോകത്തിന്റെ ആധിപത്യം സ്ഥാപിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന ലോകത്തിന്റെ ആധിപത്യം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് അയൽരാജ്യങ്ങൾക്കും ലോകത്തിനും തന്നെ ഭീഷണിയാണെന്നും ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി പറയുന്നു. ഇന്ത്യയ്ക്കെതിരെ അധിക നികുതി ചുമത്തിയ യുഎസിന്റെ നടപടിയെയും ടോണി അബട്ട് വിമർശിച്ചു. ‘താൻ ട്രംപിനെ പിന്തുണക്കുന്നയാളാണ് എന്നാൽ ഇന്ത്യയ്ക്ക് 25 ശതമാനം ശിക്ഷാ നികുതി ഏർപ്പെടുത്തിയ വിഷയത്തിൽ അദ്ദേഹത്തിന് പിഴവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യയേക്കാളേറെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ‘വഞ്ചകരായ ചൈന’ ഇവിടെയുള്ളപ്പോൾ ഇന്ത്യയ്ക്ക് നൽകിയ ശിക്ഷാ നികുതിയിട്ടത് പരിഗണന നൽകാത്ത നടപടിയാണ് ‘ – അദ്ദേഹം പറഞ്ഞു.
















