കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ ആക്രമണമുണ്ടായെന്ന് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. റഷ്യ 300-ൽ അധികം ഡ്രോണുകളും 37 മിസൈലുകളും തൊടുത്തുവിട്ടതായി സെലൻസ്കി പറഞ്ഞു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് യുക്രൈനിൽ നടന്നത്. ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം.
ആക്രമണത്തെത്തുടർന്ന് എട്ട് മേഖലകളിൽ വൈദ്യുതബന്ധം നിലച്ചു. റഷ്യ ഓരോ ദിവസവും തങ്ങളുടെ ഊർജ്ജനിലയങ്ങൾ തകർക്കുകയാണെന്ന് സെലൻസ്കി. ചെർണിഹൈവ്, ഖാർകിവ്, പൊൾട്ടാവ, സുമി, വിന്നിറ്റ്സിയ തുടങ്ങിയ മേഖലയിൽ ആക്രമണമുണ്ടായതായും സെലൻസ്കി പറയുന്നു.
ഒരേസ്ഥലങ്ങളിലാണ് തുടർച്ചയായി ആക്രമണങ്ങളുണ്ടാകുന്നത് ഇത് ഊർജ്ജമേഖലയിൽ അറ്റകുറ്റപ്പണികളുടെ സാധ്യതകൾ ഇല്ലാതാക്കാനാണെന്നാണ് സൂചന. ശൈത്യകാലം അടുത്ത സാഹചര്യത്തിൽ ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ടുള്ള ആക്രമണം ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രതിസന്ധിയിലാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഊർജ്ജ കമ്പനിയായ ഡിടിഇകെയുടെ പ്രവർത്തനം തടസ്സപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. പോൾട്ടാവ മേഖലയിലെ പ്രകൃതി വാതക ഖനനം നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്. ഈ മാസം ആറാം തവണയാണ് ഗ്യാസ് ഇൻഫ്രാസ്ട്രക്ചറിന് നേരെ ആക്രമണം ഉണ്ടാകുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള നാഫ്റ്റോഗാസ് പറയുന്നു.
കീവ് ഒബ്ലാസ്റ്റിലെ സ്ലാവുട്ടിച്ച് പട്ടണത്തിലുള്ള ഊർജ്ജനിലയത്തിലുണ്ടായ ആക്രമണത്തിൽ ചോർണോബിൽ ആണവ നിലയത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സെലൻസ്കിയുടെ കൂടിക്കാഴ്ചയ്ക്ക് തൊട്ടു മുമ്പാണ് യുക്രൈനിൽ റഷ്യയുടെ കനത്ത ആക്രമണം.
















