തിരുവനന്തപുരം: സംസ്ഥാനത്ത് സർവകാല റെക്കോഡിട്ട് സ്വർണ്ണവില കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്ന സ്വർണ്ണ വിപണിയിൽ ഇന്ന് വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം 2840 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12,170 രൂപയും പവന് 97,360 രൂപയുമായി. ഇതോടെ ഇനി കണ്ടറിയേണ്ടത് സ്വർണവില ഒരു ലക്ഷം കടക്കുമോ എന്നതാണ്.
ഒക്ടോബർ മാസത്തിൽ ഇതുവരെ 10,800 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ 5,640 രൂപയുടെ വർദ്ധനവ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് സംഭവിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ട്രോയ് ഔൺസിന് 4,300 ഡോളർ പിന്നിട്ടു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സ്‌സിൽ പത്ത് ഗ്രാം 24 കാരറ്റിൻ്റെ വില 1,31,920 രൂപയായി.
ഇന്നത്തെ സ്വർണ്ണവില വർധനവോടെ സാധാരണക്കാർ വെട്ടിലായിരിക്കുകയായി. 5 ശതമാനമാണ് സ്വർണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി. ജിഎസ്ടി, പണിക്കൂലി, ഹോൾ മാർക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. ഓരോ ദിവസം കഴിയുമ്പോൾ സ്വർണവിലയിൽ നേരിയ തോതിലെങ്കിലും കുറവുണ്ടാകുമോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.
















