പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ ഗ്ലിംപ്സ് പുറത്തിറക്കി. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റിവീല്‍ ചെയ്തുകൊണ്ടുള്ള ഗ്ലിംപ്സില്‍ വളരെ സ്റ്റൈലിഷ് ആയാണ് താരത്തെ കാണുന്നത്.
ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറച്ചിലെന്നാണ് ഗ്ലിംപ്സ് നല്കുന്ന സൂചന. പൃഥ്വിരാജിന്റെ ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ ലുക്കാണ് ഗ്ലിംപ്സില്‍ ശ്രദ്ധാകേന്ദ്രം.
ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറില്‍ ജിനു വി എബ്രഹാമും സൂരജ് കുമാറുമാണ് ചിത്രം നിര്‍മിക്കുന്നത്. കഥ ജിനു വി എബ്രഹാമിന്റേത്. ജോമോന് ടി ജോണ്‍ ആണ് ക്യാമറ. ജേക്സ് ബിജോയ് സംഗീതം. എഡിറ്റിങ് ചമന്‍ ചാക്കോ.
പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഖലീഫ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ 43-ാം ജന്മദിനമാണ് ഇന്ന്. നടന്, സംവിധായകന്, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് പൃഥ്വി. 1982 ഒക്ടോബര്‍ 16 നാണ് അഭിനേതാക്കളായ സുകുമാരന്‍, മല്ലിക എന്നിവരുടെ രണ്ടാമത്തെ മകനായി പൃഥ്വിരാജ് ജനിച്ചത്. നടന് ഇന്ദ്രജിത്താണ് പൃഥ്വിരാജിന്റെ സഹോദരന്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി സിനിമകളിലും പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.
രാജസേനന് സംവിധാനം ചെയ്ത ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി’ എന്ന സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത്. എന്നാല്‍, തിയറ്ററില്‍ ആദ്യമെത്തിയും സിനിമ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടതും രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ്.
വെള്ളിത്തിര, സ്വപ്നക്കൂട്, ചക്രം, സത്യം, അത്ഭുതദ്വീപ്, അനന്തഭദ്രം, ക്ലാസ്മേറ്റ്സ്, വാസ്തവം, ചോക്ലേറ്റ്, തലപ്പാവ്, തിരക്കഥ, താന്തോന്നി, പോക്കിരിരാജ, അന്‍വര്‍, മേക്കപ്പ്മാന്, മാണിക്യക്കല്ല്, ഇന്ത്യന്‍ റുപ്പി, ബാച്ച്ലര് പാര്‍ട്ടി, അയാളും ഞാനും തമ്മില്‍, സെല്ലുല്ലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ്, സെവന്ത് ഡെ, എന്ന് നിന്റെ മൊയ്തീന്, അനാര്‍ക്കലി, എസ്ര, കൂടെ, ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും, കുരുതി, ബ്രോ ഡാഡി, ജന ഗണ മന, കടുവ, ഗോള്‍ഡ്, ആടുജീവിതം, ഗുരുവായൂരമ്പല നടയില്‍, എമ്പുരാന് തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
















