Homepage Featured Kerala News

ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; വിധി ഒക്ടോബർ 18ന്

പാലക്കാട്: സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമരയുടെ പാലക്കാട് ശിക്ഷാവിധി മറ്റന്നാൾ. പ്രതിയെ ഇന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ ഓൺലൈനായി ഹാജരാക്കിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ പരാമർശിച്ചുകൊണ്ട് ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും പ്രതിഭാ​ഗം പറഞ്ഞു. മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാതിരുന്നതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു. ഒരു തെളിവുമില്ലാത്ത കേസാണിതെന്നും ചെന്താമരയുടെ അഭിഭാഷകൻ വാ​ദിച്ചു. എന്നാൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

സജിതയുടെ മക്കളായ അതുല്യയും അഖിലയും പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നെന്മാറ പോത്തുണ്ടി ബോയൻസ് നഗർ സ്വദേശിനി സജിതയെ 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് ചെന്താമരയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. കേസിലെ ഏക പ്രതിയാണ് ഇയാൾ. ഈ കേസിൽ വിചാരണക്കിടെ രണ്ടര വർഷത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ചെന്താമര സജിതയുടെ ഭർത്താവിനെയും അമ്മയെയും കൂടി കൊലപ്പെടുത്തിയിരുന്നു.
പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും നേരത്തെ സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചിരുന്നു.

Related Posts