Homepage Featured Kerala News

ഹിജാബ് വിവാദം: ഹിജാബ് വേണ്ടെന്ന് സമ്മതപത്രം ആവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റ്

കൊച്ചി: എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം ഇനിയും പരിഹാരത്തിലേക്ക് നീങ്ങാത്തതോടെ പ്രശ്നം തുടർവിവാദമായി മാറുന്നു. ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരുമെന്ന ഉറപ്പോടെ രക്ഷിതാക്കൾ സമ്മതപത്രം നൽകണമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ പുതിയ നിർദേശം. അങ്ങനെ ചെയ്താൽ മാത്രമേ വിദ്യാർത്ഥിക്ക് പഠനം തുടരാൻ കഴിയൂവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

വിദ്യാർത്ഥിയുടെ പിതാവ് വിഷയത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലം വിദ്യാർത്ഥി മൂന്നു ദിവസത്തെ അവധിയിലാണ്. ഹൈബി ഈഡൻ എംപിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കുട്ടി മാനേജ്‌മെന്റ് നിർദേശിച്ച യൂണിഫോം ധരിച്ച് എത്തുമെന്ന് രക്ഷിതാവ് അറിയിച്ചിരുന്നെങ്കിലും, വിദ്യാർത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് പഠനം തുടരാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയോടെ പ്രശ്നം വീണ്ടും സങ്കീർണ്ണമായി.

വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിൽ അതൃപ്തിയുണ്ടെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ തങ്ങളാൽ വീഴ്ച പറ്റിയിട്ടില്ലെന്ന വിശദീകരണമാണ് വിദ്യാഭ്യാസ വകുപ്പിന് സ്‌കൂൾ സമർപ്പിച്ചത്. എന്നാൽ വിവാദം കനത്തതോടെ സ്‌കൂളിന് ഗുരുതര വീഴ്ച പറ്റിയെന്ന വിമർശനം മങ്ങിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

പ്രശ്നം സമവായത്തിലൂടെ തീർന്നാൽ അത് സ്വാഗതാർഹമാണെന്നും, ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ട് വിഷയത്തിൽ പരിഹാരം കണ്ടതായി മാധ്യമങ്ങളിൽ കണ്ടതായും മന്ത്രി പറഞ്ഞു. കുട്ടിയുടെ രക്ഷിതാവ് പഴയ നിലപാടിൽനിന്ന് മാറി, ഹിജാബ് ധരിക്കാതെ കുട്ടിയെ സ്‌കൂളിലയക്കാമെന്ന നിലപാട് സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

Related Posts