Homepage Featured Kerala News

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

കാസർ​ഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്. കേസിൽ വിചാരണ കൂടാതെ സുരേന്ദ്രൻ നിന്ന് കുറ്റവിമുക്തനായതിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സുരേന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്.

മഞ്ചേശ്വരം കോഴക്കേസില്‍ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സുരേന്ദ്രന്‍റെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ സംഘത്തിന്‍റെയും പ്രൊസിക്യൂഷന്‍റെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്. കേസ് രജിസ്റ്റര്‍ ചെയ്തത് തന്നെ സംഭവം നടന്ന് 78 ദിവസങ്ങള്‍ക്ക് ശേഷമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് സിആര്‍പിസി വ്യവസ്ഥ. തെരഞ്ഞെടുപ്പ് കോഴയ്ക്ക് പരമാവധി ഒരു വർഷമാണ് ശിക്ഷ.അതിനാൽ ഒരു വർഷത്തിനുള്ളിലെങ്കിലും കുറ്റപത്രം സമർപ്പിക്കണം. ഇത് അന്വേഷണസംഘവും പ്രൊസിക്യൂഷനും ചെയ്തിരുന്നില്ല. 2021 മാര്‍ച്ച് 21 ന് നടന്ന സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 2023 ഒക്ടോബര്‍ ഒന്നിനായിരുന്നു. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും അന്തിമ കുറ്റപത്രത്തിൽ ഇക്കാര്യം ഉണ്ടായിരുന്നില്ല.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രനെതിരെ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുന്ദരയ്ക്ക് 2.5 ലക്ഷം രൂപയും 8800 രൂപ വിലയുളള സ്മാർട്ട്‌ഫോണും കോഴയായി നൽകി നാമനിർദേശ പത്രിക പിൻവലിക്കാൻ നിർബന്ധിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനായി സുന്ദരയെ തട്ടിക്കൊണ്ട് പോയതിന്‍റെയും തടവില്‍ പാര്‍പ്പിച്ചതിന്‍റെയും വിവരങ്ങളും പണവും ഫോണുമടക്കമുളള പാരിതോഷികങ്ങള്‍ നല്‍കിയതിന്‍റെയും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിവി രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നത്.

Related Posts