Homepage Featured Kerala News

നേവിക്കൊപ്പം ഓടാം കൊച്ചി നേവി മാരത്തണ്‍ ഡിസംബര്‍ 21ന്

കൊച്ചി: ദക്ഷിണമേഖല നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന കൊച്ചിയുടെ സ്വന്തം കായികോത്സവമായ കൊച്ചി നേവി മാരത്തണിന്റെ (കെഎന്‍എം 25) ആറാം പതിപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 21ന് ആണ് ഇത്തവണ കൊച്ചി നേവി മാരത്തണ്‍ നടക്കുക. പലപ്രായത്തിലുള്ള ഏഴായിരത്തിലധികം കായികപ്രേമികളാണ് നേവിക്കൊപ്പം കൊച്ചിയിലൂടെ ഓടുക. ഇതൊരു റെക്കോഡ് ആയി മാറുമെന്നാണ് നേവി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നേവി മാരണിന് 5,000 പേരായിരുന്നു പങ്കെടുത്തത്. 21 കിലോമീറ്ററിന്റെ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റർ റൺ , അഞ്ച് കിലോമീറ്ററിന്റെ ഫണ്‍ റണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. ഇതാദ്യമായി ‘ഫാമിലി റണ്ണും’ നേവി മാരത്തണിലുണ്ട്. അഞ്ച് കിലോമീറ്റര്‍ ഫണ്‍ റണ്ണിന്റെ ഭാഗമായിട്ടായിരിക്കും ഇത് നടത്തുക.

‘മത്സരം എന്നതിനപ്പുറം ആരോഗ്യത്തിന്റെയും ഫിറ്റ്‌നസിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായാണ് നേവി ഇതിനെ കാണുന്നത്…’ കെഎന്‍എം-25ന്റെ ഓര്‍ഗനൈസറും നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡ് സൂപ്രണ്ടുമായ കമഡോര്‍ സുധീര്‍ റെഡ്ഡി ഒരുക്കങ്ങള്‍ വിശദീകരിക്കുന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. വില്ലിങ്ടണ്‍ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിന് (പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ട്) സമീപമുള്ള കെ.കെ. പ്രേമചന്ദ്രന്‍ സ്പോര്‍ട്സ് കോംപ്ലക്സിലാണ് മരത്തണ്‍ തുടങ്ങുക. റൂട്ട് സംബന്ധിച്ചുള്ള വിശദീകരണം വൈകാതെ പുറത്ത് വിടും.

മാരത്തണിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.kochinavymarathon.com എന്ന വെബ്‌സൈറ്റിലൂടെ തുടങ്ങിക്കഴിഞ്ഞെന്ന് കമഡോര്‍ സുധീര്‍ റെഡ്ഡി വ്യക്തമാക്കി. ഓക്ടോബര്‍ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൂപ്പര്‍ ഏര്‍ലി ബേര്‍ഡ് ഡിസ്‌ക്കൗണ്ടായി 25 ശതമാനവും നവംബര്‍ 15ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഏര്‍ലി ബേര്‍ഡ് ഡിസ്‌ക്കൗണ്ടായി 10 ശതമാനവും രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് ലഭിക്കും ഇരുപതോ അതിലധികമോപേരുള്ള ഗ്രൂപ്പ് ആയി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കും.

നേവി മാരത്തണിന്റെ ഭാഗമായി പുതുതായി അവതരിപ്പിക്കുന്ന ‘ഫാമിലി റണ്ണില്‍’ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ഓടാം. അഞ്ച് കിലോമീറ്റര്‍ ഫണ്‍ റണ്ണിനൊപ്പമായിരിക്കും കുടുംബത്തോടെയുള്ള ഈ ഓട്ടവും. അച്ഛനും അമ്മയ്ക്കും ഒപ്പം രണ്ട് കുട്ടികള്‍ക്ക് വരെ ഈ ഫാമിലി ഓട്ടത്തില്‍ പങ്കെടുക്കാം. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ സ്‌കൂളുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നും സ്ഥിരമായി മരത്തണില്‍ പങ്കെടുക്കുന്നവര്‍, അമേച്ചര്‍ ഓട്ടക്കാര്‍, കുടുംബങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്ന് റെക്കോഡ് പങ്കാളിത്തമാണ് നേവി ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇക്കാരണത്താല്‍ ഒരുക്കങ്ങളും വിപുലമായ തോതിലാണ്. കെഎന്‍എം-25ന് മുന്നോടിയായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊച്ചിയിലെ പ്രധാന ഇടങ്ങളില്‍ ‘പ്രമോ റണ്‍’ രണ്ടുതവണ സംഘടിപ്പിക്കും.

കെഎന്‍എം25ന്റെ അഞ്ച് കിലോമീറ്റര്‍ മാരത്തണിന് 600 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സൂപ്പര്‍ ഏര്‍ലിബേര്‍ഡ് രജിസ്‌ട്രേഷന് 450ഉം ഏര്‍ലി ബേര്‍ഡിന് 540ഉം ആയിരുക്കും ഫീസ്. 10 കിലോമീറ്റര്‍ മാരത്തണിന് 900 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സൂപ്പര്‍ ഏര്‍ലിബേര്‍ഡിന് 675രൂപയും ഏര്‍ലി ബേര്‍ഡിന് 810 രൂപയുമായിരിക്കും ഫീസ്. 21 കിലോമീറ്റര്‍ മാരത്തണിന് 1,100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സൂപ്പര്‍ ഏര്‍ലി ബേര്‍ഡിന് 825 രൂപയും ഏര്‍ലി ബേര്‍ഡിന് 990രൂപയുമായിരിക്കും ഫീസ്. ഹാഫ് മാരത്തണിന് ഗ്രൂപ്പ് രജിസ്‌ട്രേഷന് ഒരാള്‍ക്ക് 1,100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഏര്‍ലിബേര്‍ഡിനാകുമ്പോള്‍ ഇത് 825 രൂപയായിരിക്കും.10 കിലോമീറ്റര്‍ റണ്ണിന് ഒരാള്‍ക്ക് 900 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ് ഏര്‍ലിബേര്‍ഡിന് 675 രൂപയായിരിക്കും ഫീസ്. അഞ്ച് കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്ണില്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്ക് 600 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ് ഏര്‍ലി ബേര്‍ഡ് ഇളവെന്ന നിലയില്‍ 450 രൂപയാണ് ഫീസ്.

Related Posts