Homepage Featured India News

ആഷ്ലി ടെല്ലിസിന്റെ യുഎസിലെ അറസ്റ്റ്; ദുരൂഹതകളേറെ, ബിജെപിക്കും കോൺ​ഗ്രസിനൊപ്പവും നിന്നയാൾ

ഇന്ത്യൻ – അമേരിക്കൻ ഭൗമരാഷ്ട്രീയ തന്ത്രജ്ഞനായ ആഷ്ലി ടെല്ലിസിനെ യുഎസിൽ എഫ്ബിഐ അറസ്റ്റ് ചെയ്തു. പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചതാണ് അറസ്റ്റിന് കാരണമെന്നാണ് യുഎസ് നീതിന്യായ വകുപ്പ് പറയുന്നത്.ഇന്ത്യയിൽ കോൺ​ഗ്രസ് സർക്കാരിനൊപ്പവും ബിജെപി സർക്കാരിനൊപ്പവും പ്രവർത്തിച്ചയാളാണ് ആഷ്ലി ടെല്ലിസ്. എന്നാൽ ഇന്ത്യയെ ലേഖനങ്ങളിലൂടെ വിമർശിക്കുന്ന വ്യക്തിയാണ് ടെല്ലിസ്.

ടെല്ലിസ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിൽ നിന്നും പ്രതിരോധ (ഇപ്പോൾ യുദ്ധ വകുപ്പ്) വകുപ്പിൽ നിന്നും ചില രേഖകൾ കൈക്കലാക്കുകയും ഇതിന്റെ പകർപ്പുകളെടുക്കുകയും ചെയ്തുവെന്നാണ് യുഎസ് നീതിന്യായ വകുപ്പിന്റെ സംശയം. വിർജീനിയയിലെ വിയന്നയിലുള്ള വീട്ടിൽ നിന്നും ചില അതീവ രഹസ്യ രേഖകളും വകുപ്പ് കണ്ടെടുത്തിട്ടുണ്ട്. ചൈനീസ് സർക്കാരുമായി കൂടിക്കാഴ്ച നടത്തിയെന്നും എഫ്ബിഐ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി (പിഎംഇഎസി) അംഗവും സാമ്പത്തിക വിദഗ്ധനുമായ സഞ്ജീവ് സന്യാൽ എക്സിൽ ഒരു കുറിപ്പിട്ടിട്ടുണ്ട്. ഇത് യുഎസിന്‍റെ ഡീപ് സ്റ്റേറ്റിനെക്കുറിച്ചാണോ അതോ ചൈനയുടെ ഡീപ് സ്റ്റേറ്റിനെക്കുറിച്ചാണോ എന്നതിലാണ് അന്വേഷണം വേണ്ടത് എന്ന് സഞ്ജീവ് സന്യാൽ പറയുന്നു.

ആഷ്‌ലി ടെല്ലിസ് മുൻപ് ഇന്തോ-യുഎസ് ആണവ കരാർ ഉൾപ്പെടെ വിഷയങ്ങളിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾക്കൊപ്പവും ജോർജ്ജ് ബുഷ് ഭരണകൂടത്തിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലത്ത് ആണവ കരാറിനെതിരെ ഇടതു പാർട്ടികൾ നിലപാട് സ്വീകരിച്ചിരുന്നു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയെ പോലുള്ളവർ ആഷ്‌ലി ടെല്ലിസിനെ ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന ശക്തിയായാണ് കാണുന്നത്.

ബിജെപി നയിക്കുന്ന മോദി സർക്കാരിന് എതിരെ അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ‘ഫോറിൻ അഫയേഴ്‌സ്’ മാസികയിൽ 2025 ഓഗസ്റ്റിൽ അദ്ദേഹം എഴുതിയ ‘ഇന്ത്യയുടെ മഹത്തായ ശക്തിയിലുള്ള മിഥ്യാധാരണകൾ’ (India’s Great-Power Delusions), 2023 മെയിലെ ‘ഇന്ത്യയിലെ അമേരിക്കയുടെ മോശം പന്തയം’ (America’s Bad Bet on India) തുടങ്ങിയ ലേഖനങ്ങൾ ഇന്ത്യയിലെ സർക്കാരിന് എതിരായിരുന്നു. അതേസമയം ഇന്ത്യ ഒരിക്കലും ചൈനക്കെതിരെ യുഎസിനൊപ്പം ചേരില്ല എന്നും ഈ ലേഖനത്തിൽ അദ്ദേഹം വാദിച്ചു.

ടെല്ലിസിന്‍റെ അറസ്റ്റ് ട്രംപ് ഭരണകൂടം നടത്തുന്ന വേട്ടയാടൽ ആകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇന്ത്യൻ വംശജനായ ആഷ്‌ലി നയതന്ത്രത്തിലും പ്രതിരോധത്തിലും വിശകലനങ്ങൾ തയ്യാറാക്കുന്നതിൽ വിദഗ്ധനാണ്. അമേരിക്കയിലെ ഭരണാധികാരികളെ വിമർശിച്ചതാകാം കാരണമെന്നും വിലയിരുത്തുന്നവരുണ്ട്. ഇന്ത്യയിൽ ടെല്ലിസിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Related Posts