വർഷത്തിൽ രാജ്യത്തു ശരാശരി പന്തീരായിരത്തോളം പേരാണ് റേപ്പ് ചെയ്യപ്പെടുന്നത്. അത് റിപ്പോർട്ട് ചെയ്യപ്പെടുന്നവയുടെ കണക്കാണ്. റേപ് ചെയ്യപ്പെടുന്നവരിൽ പത്തു ശതമാനം മാത്രമേ പുറംലോകം അറിയുന്നുള്ളു എന്ന് പ്രമുഖ മനുഷ്യാവകാശപ്രവർത്തക സുനിത കൃഷ്ണൻ. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥിയാണ് സുനിത. യെസ് 27 ചാനലിൽ വി ആർ രജനീഷിനോട് സംസാരിക്കുകയായിരുന്നു സുനിത കൃഷ്ണൻ.
ഇന്നത്തെ സാഹചര്യം വളരെ മോശം ആണ്. ഇന്ന് സംഭവങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നു. യൂട്യുബിലും മറ്റുമായി വൈഡ് ഏരിയായിൽ അത് എത്തുന്നു.ഒരു പെൺകുട്ടി ആക്രമിക്കപ്പെടുമ്പോൾ ആ ട്രോമാ സ്ഥിരമാക്കപ്പെടുന്നു, അഥവാ ആ കോൺടെന്റ് സ്ഥിരമാക്കപ്പെടുന്നു. പണ്ട് ഇരയുടെ ചുറ്റുപാടിനെ ഭയന്നാൽ മതിയായിരുന്നു. ഇന്ന് ലോകത്തെ മൊത്തം ഭയക്കേണ്ട അവസ്ഥയാണ്. ഒരു ക്രൈമിനെ ആഘോഷിക്കാനുള്ള മനോനിലയുള്ള സമൂഹം ഉണ്ടായിക്കഴിഞ്ഞു- സുനിത പറയുന്നു.
32000 ത്തിലധികം സ്ത്രീകളെ പുനരധിവസിപ്പിച്ചു. 17000 ത്തിലധികം കുട്ടികളെ ലൈംഗികതൊഴിലിലേക്കു പോകാതെ തടയുകയും ചെയ്തു. പ്രജ്വലയിലൂടെയാണ് അത് സാധിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട്, വേശ്യാവൃത്തി സമൂഹത്തിലെ അനിവാര്യമായ തിന്മയാണ് എന്ന്. അതായത് അത് സമൂഹത്തിൽ ഉണ്ടാവണം എന്ന്. അതാണ് പ്രജ്വല തകർത്തെറിഞ്ഞിരിക്കുന്നത്. ഇതൊരു അനിവാര്യമായ യാഥാർഥ്യം അല്ല. ഇതിനെ മാറ്റം എന്ന് പ്രജ്വലയിലൂടെ കാണിച്ചു കൊടുത്തു. 32000 എന്നത് ഒരു ചെറിയ കണക്കല്ല. എന്നിട്ടും ചില പൊതുവിടങ്ങളിൽ സംസാരിക്കുമ്പോൾ, ഇവരൊന്നും മാറില്ല, അവർ ആ തൊഴിൽ ഉപേക്ഷിക്കില്ല എന്നൊക്കെ വാദിക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. ഈ 32000 എന്നത് എന്നെ സംബന്ധിച്ചു ഒരു ഫാക്ട് ആണ്. അത് സുനിത കൃഷ്ണൻ എന്ന വ്യക്തിയുടെയോ, പ്രജ്വല എന്ന സംഘടനയുടെയോ മാത്രം ക്രെഡിറ്റ് അല്ല. പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന പോലീസുകാരും ടീച്ചേഴ്സും അവർക്ക് ജോലി നൽകുന്ന കമ്പനികളും ഉൾപ്പെടുന്ന ഒരു കൂട്ടം ആളുകളുടെ നേട്ടമാണിത്.
വലിയൊരു മാഫിയ സംഘത്തിനെ ആണ് നമ്മൾ എതിർക്കേണ്ടത്. അവർ എത്ര ഓർഗനൈസ്ഡ് ആണ് , നമ്മൾ എത്ര ഡിസ് ഓർഗനൈസ്ഡ് ആണ്. ആ ദുർഘട പാതയിൽ നമ്മൾ ഒന്ന് പിടിച്ചു നിന്ന് കാണിച്ചാൽ വേശ്യാവൃത്തി സമൂഹത്തിൽ അനിവാര്യമായ ഒന്നല്ല എന്ന് തെളിയിക്കാനാവും. ആ തെളിവുകൾ നിങ്ങൾക്ക് പ്രജ്വലയിൽ കാണാനാവും. 200 ജീവനക്കാരിൽ അമ്പതു ശതമാനവും അതിജീവിതകളാണ്. അതിജീവിതകളാണ് ഇന്ന് റെസ്ക്യു പ്രവർത്തനങ്ങൾ നടത്തുന്നത്. അവരാണ് കൗൺസിലേഴ്സ് ആയി നിൽക്കുന്നത്. അവരാണ് കോടതി വ്യവഹാരങ്ങളിൽ സഹായിക്കുന്നത്.
എല്ലാ പോക്സോ കേസുകളിലും വിശ്വസനീയമായ ഒരാളാവും കേസിൽ പ്രതി. അച്ഛനാവാവും അമ്മാവനാവാം സഹോദരനാവാം. മറ്റൊരു കാര്യം എന്താണെന്നു വെച്ചാൽ പെൺകുട്ടികളെ പോലെ തന്നെ ആൺകുട്ടികളും ഇരയാക്കപ്പെടുന്നുണ്ട് എന്നതാണ്. ആൺകുട്ടികൾക്ക് പറയാനുള്ള ഒരു വേദിയില്ല. അഥവാ പറഞ്ഞാൽ എവിടെയോ നിങ്ങളുടെ ആണത്വം ഹനിക്കപ്പെടുമോ എന്ന തോന്നലുണ്ടാവാം. അപ്പോൾ പുറമെ അവർ ഏൽക്കേണ്ടി വന്ന ക്രൂരത മറയ്ക്കും. പക്ഷെ ഉള്ളിലെ മുറിവ് അങ്ങനെ തന്നെ ഉണ്ടാവും. ആ ട്രോമയിൽ നിന്നും പുറത്തുകടക്കുക പ്രയാസകരമായി മാറും.
പ്രജ്വല ഇത് ചെയ്തു. എനിക്കും ഇത് ചെയ്യാം എന്നൊരു തോന്നൽ സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയണം. അതിനാണ് ഞങ്ങളുടെ ശ്രമങ്ങൾ. ഒരു ഓട്ടോറിക്ഷക്കാരൻ പതിനൊന്നു രൂപ വെച്ച് സംഭാവന തരാറുണ്ട്. ഇന്ന് ഈ നിമിഷം വരെ അയാൾ ആ പണം തന്നു കഴിഞ്ഞു. അതൊന്നും നന്ദി എന്ന വാക്കിൽ ഒതുക്കാൻ കഴിയില്ല. ദിവസവും ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കുറിച്ചുള്ള വാർത്തകൾ പത്രത്തിൽ വായിക്കുമ്പോൾ അയ്യോ എന്ന് പറഞ്ഞു പത്രം മാറ്റിവെക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവരല്ല ആ ഓട്ടോക്കാരനെ പോലുള്ളവർ.
സ്വന്തം അമ്മ ദല്ലാളായ സംഭവം വിവരിക്കുന്നുണ്ട് സുനിത കൃഷ്ണന്റെ ഞാൻ ഞാൻ തന്നെ എന്ന പുസ്തകത്തിൽ. വെറും പതിനാലു വയസുള്ള പെൺകുട്ടി തന്റെ ഇളയ സഹോദരിമാരെ രക്ഷിക്കാൻ സ്വയം വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുകയാണ്. നമ്മുടെ ലോകത്തിൽ സംഭവിക്കാനിടയില്ല, നമ്മളെ ബാധിക്കില്ലെന്ന് കരുതുന്ന, നമ്മുടെ കുടുംബത്തിലല്ലല്ലോ എന്ന് ആശ്വസിക്കുന്ന തരത്തിലുള്ള സ്ത്രീകൾക്കുനേരെയുള്ള അതിഭീകരമായ കടന്നുകയറ്റങ്ങളാണ് പുസ്തകത്തിലൂടെ സുനിത വെളിപ്പെടുത്തുന്നത്. സെക്സ് ഒരു വില്പന വസ്തുവാകുമ്പോൾ സഹകരിക്കാത്ത കുട്ടികൾ അടക്കമുള്ള സ്ത്രീസമൂഹം നേരിടേണ്ടി വരുന്നത് ഒരു പുസ്തകത്തിലും വിവരിക്കാൻ സാധിക്കാത്ത തരത്തിലുള്ള കൊടിയ പീഡനങ്ങളാണ്.
ചില റെസ്ക്യു പ്രവർത്തനങ്ങളിൽ ചെറിയ ഒരു നമ്പർ കുട്ടികളെയാവാം നമുക്ക് രക്ഷിക്കാൻ കഴിയുക. അതിന്റെ പത്തിരട്ടി മറവിലെവിടെയോ ഉണ്ട്. അവർക്കു വേണ്ടി എന്ത് ചെയ്യാം എന്നാണ് എന്നെ ചിന്തിപ്പിച്ചുകൊണ്ടിരിക്കുന്നത് – സുനിത പറയുന്നു. കണ്ടിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലൂടെയും കടന്നു പോയിട്ടുണ്ട്. കുറേക്കൂടി ആൾബലവും പണവും ഉണ്ടെങ്കിൽ മാത്രമേ അവരെക്കൂടി തിരിച്ചെത്തിക്കാനാവൂ. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, എന്റെ ഈ ജന്മം അശരണർക്കു വേണ്ടിയുള്ളതാണ് എന്ന്. എന്റെ ജീവിതത്തിൽ നടന്ന എല്ലാ സംഭവങ്ങളും ഇതിനു വേണ്ടി നടന്ന തയ്യാറെടുപ്പുകളാവാം. മാനസികമായ പരുവപ്പെടുത്തലുകളാവാം.
എന്റെ ജയിൽവാസവും അത്തരത്തിലൊരു പരുവപ്പെടുത്തലായിരുന്നു. ആരുമായും കോണ്ടാക്ട് ഇല്ലാതെ, ഒറ്റപ്പെട്ടുള്ള ജീവിതം എന്താണെന്ന് ജയിൽ വാസക്കാലത്താണ് ഞാൻ മനസിലാക്കിയത്. എന്റെ ഒപ്പം 13 വയസുള്ള ഒരു അതിജീവിതയുണ്ട്. അവൾക്കു എയ്ഡ്സ് ആണ്. കൂടിപ്പോയാൽ ഒന്നോ രണ്ടോ മാസത്തെ ആയുസു മാത്രം. അവൾക്കു സ്വന്തം നാട്ടിൽ, സ്വന്തം വീട്ടിൽ കിടന്നു മരിക്കണം എന്നാണ് ആഗ്രഹം. പക്ഷെ എത്ര മനസിലാക്കാൻ ശ്രമിച്ചിട്ടും അവളുടെ കുടുംബം അവളെ ഏറ്റെടുക്കാൻ തയ്യാറല്ല. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ ഭയങ്കരമായിട്ട് തളരും.
തളർന്നു പോകുമെന്ന് തോന്നുമ്പോൾ ആത്മീയ യാത്രകളാണ് എന്നെ കരകയറ്റുന്നത്. എന്റെ ആത്മീയ യാത്ര എന്നാൽ ഭഗവാനെ വിളക്കുഴിഞ്ഞു പ്രാര്ഥിക്കലല്ല. അത് എന്റെ ഉള്ളിൽ തന്നെയുള്ള യാത്രയാണ്. അത്തരം യാത്രകളിൽ ഞാൻ കടന്നു വന്ന വഴികൾ ഓർക്കും. മുന്നിലെത്തിയ മുഖങ്ങൾ ഓർക്കും. അതിജീവിതകളുടെ മുഖങ്ങളാണ് പുനരധിവാസം എന്ന പ്രോസസ്സിനെ കുറിച്ചുള്ള ചിന്തകൾ എനിക്കുള്ളിൽ ഇട്ടു തന്നത്.
അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി മനസും ശരീരവും നുറുങ്ങിയവരെ ഇനിയും ഒരു ജീവിതം ബാക്കിയുണ്ടെന്ന് വിശ്വസിപ്പിക്കുക എന്നതാണ് പുനരധിവാസത്തെ സംബന്ധിച്ചു ഏറ്റവും ദുർഘടമായ കാര്യം. അവരെ സാദാരണ നിലയിലേക്ക് കൊണ്ടുവരണം. അതിനു ദിവസങ്ങളോ മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ പോലുമെടുത്തേക്കാം. അവർക്കു നിയമപരമായ പരിരക്ഷ ഒരുക്കാൻ എന്തെല്ലാം തെളിവുകൾ വേണം. ആധാർകാർഡ് അടക്കം വേണ്ടിവരും. ചിലർക്ക് സ്വന്തമായി ഒരു പേരുപോലും ഇല്ല. ഒരു അതിജീവിത ഇന്നവൾ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്. നന്നായി ജീവിക്കുന്നു. അവിടെയാണ് പുനരധിവാസം പൂർത്തിയാകുന്നത്.
ടെക്നോളജി വികസിക്കും തോറും ക്രൈമിന്റെ തലങ്ങളും മാറുകയാണെന്നാണ് സുനിത പറയുന്നത്. സോഫ്റ്റ്വെയർ ഫീൽഡിൽ ഉള്ളവരെ നല്ല ജോലി വാഗ്ദാനം ചെയ്തു തായ്ലാന്റിലും സിംഗപ്പൂരിലും മറ്റും കൊണ്ടുപോയി ബന്ദി ആക്കിവെക്കും. എന്നിട്ടു അവരെ സൈബർ ക്രൈം ചെയ്യാൻ പ്രേരിപ്പിക്കും. മറിച്ചായാൽ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടി വരും.
അഭിമുഖത്തിന്റെ പൂർണ രൂപം കാണാൻ വീഡിയോ ലിങ്ക് സന്ദർശിക്കുക.
















