മേജര്‍ രവി ചിത്രത്തില്‍ നായകൻ മോഹന്‍ലാല്‍; 8 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്നത് സൈനിക പശ്ചാത്തല ചിത്രത്തിൽ
എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും ചിത്രം ഒരുക്കുക. പ്രൊജക്ടുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നതായും സൂചനയുണ്ട്.
2017 ല്‍ പുറത്തിറങ്ങിയ ‘1971: ബിയോണ്ട് ബോര്‍ഡേഴ്സ്’ ആണ് മേജര്‍ രവിയും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം. ഈ സിനിമയ്ക്കു ശേഷം മേജര്‍ രവി സംവിധാനം ചെയ്തിട്ടില്ല. വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നതായി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മേജര്‍ രവി സൂചന നല്‍കിയിരുന്നു. ആദ്യഘട്ട ചര്‍ച്ചകള്‍ വിജയമാണെന്നും മോഹന്‍ലാലിന്റെ ഡേറ്റ് ലഭിച്ച ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയെന്നുമാണ് വിവരം.
ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം കിട്ടിയതിനു പിന്നാലെ ഇന്ത്യന്‍ ആര്‍മി അനുമോദനം നടത്തിയിരുന്നു. അനുമോദന പരിപാടിയില്‍ ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയില്‍ നിന്ന് മെഡല്‍ സ്വീകരിച്ച ശേഷം പട്ടാള സിനിമ ആലോചനയില്‍ ഉണ്ടെന്ന് ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഭാവിയില്‍ സൈന്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഏതെങ്കിലും സിനിമകളുടെ ഭാഗമാകുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചു. മേജര്‍ രവിക്കൊപ്പം അത്തരത്തിലുള്ള ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ഇനിയും അങ്ങനെയുള്ള പ്രൊജക്ട് ചെയ്യാന്‍ ആലോചന നടക്കുകയാണെന്നും ലാല്‍ വെളിപ്പെടുത്തി.
ലാലേട്ടനുമായി വീണ്ടും ഒരു സിനിമയുണ്ടാകുമോ എന്ന് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘അതുണ്ട്’ എന്നാണ് മേജര്‍ രവി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞിരുന്നു. പുതിയ സിനിമയ്ക്കു വേണ്ടി മേജര്‍ രവി മോഹന്‍ലാലുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധാ എന്നീ മേജര്‍ രവി ചിത്രങ്ങളിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്.
















