തിരുവനന്തപുരം: നിരോധിത എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാനവ്യാപകമായി നടത്തുന്ന പരിശോധന ശക്തമായി തുടരുകയാണ്. രണ്ടുദിവസത്തിനുള്ളിൽ 390 കേസുകൾ രജിസ്റ്റർ ചെയ്തതായി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ മൊത്തം 5.18 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരം സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഈ സ്പെഷ്യൽ ഡ്രൈവ് 19 വരെ തുടരും. എറണാകുളം മേഖലയിൽ മാത്രം 122 ബസുകളാണ് പിടികൂടിയത്. പിടിച്ചെടുത്ത എയർഹോണുകൾ ഉടൻ നശിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം.
ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് നേരെ സ്വകാര്യ ബസ് ഡ്രൈവർ എയർഹോൺ മുഴക്കി ശല്യം ചെയ്ത സംഭവത്തിനും, കോതമംഗലം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടന വേളയിൽ അമിത ശബ്ദത്തിൽ ഹോൺ മുഴക്കിയ ബസിനെ മന്ത്രി നേരിട്ട് തടഞ്ഞ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനതല പരിശോധന നീക്കങ്ങൾ വേഗത്തിലായത്. ഗതാഗത സെക്രട്ടറി, ട്രാൻസ്‌പോർട്ട് കമ്മീഷണർ എന്നിവർക്ക് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന ഓപ്പറേഷന് ഉത്തരവിട്ടത്.
പരിശോധനയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനായി ട്രാൻസ്‌പോർട്ട് കമ്മീഷണർ ‘സൂപ്പർ ചെക്കിങ് സ്ക്വാഡ്’ രൂപീകരിച്ചിട്ടുണ്ട്. സ്ക്വാഡ് നടത്തുന്ന പരിശോധനയിൽ എയർഹോൺ കണ്ടെത്തിയാൽ, ആ പ്രദേശത്തെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ഏതിരെയും വകുപ്പുതല നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. മോട്ടോർ വാഹന നിയമപ്രകാരം അനധികൃത എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പരമാവധി 2,000 രൂപ വരെ പിഴ ചുമത്താനാണ് വ്യവസ്ഥ.
















