ജയ്പുർ: രാജസ്ഥാനിലെ ജയ്സൽമെറിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംഭവത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി അനുശോചനം പ്രകടിപ്പിക്കുകയും, രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ മുഴുവൻ സഹായവും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ 19 പേർ സ്ഥലത്തുവെച്ച് തന്നെ മരിക്കുകയും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. 16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയ്സൽമെറിൽ നിന്ന് ജോഥ്പുരിലേക്ക് പുറപ്പെട്ട ബസ് യാത്ര ആരംഭിച്ചിച്ച് 10 മിനിറ്റിനുള്ളിൽ പുകയും തീയും ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ ബസ് നിർത്തിയെങ്കിലും തീ അതിവേഗം പടർന്നു. മരിച്ചവരുടെ തിരിച്ചറിയൽ സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന ആരംഭിച്ചിട്ടുണ്ട്.
സംഭവം ഹൃദയഭേദകമാണ് എന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ പ്രതികരിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായും സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശർമ അപകടസ്ഥലവും ആശുപത്രിയിലായ പരിക്കേറ്റവരെയും നേരിൽ സന്ദർശിച്ചു. ഗവർണർ ഹരിഭൊ ബഗാഡെ, മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
















