ന്യൂഡൽഹി: ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങൾക്ക് റഷ്യ, യൂറോപ്യൻ യൂണിയൻ, സൗത്ത് കൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ പുതിയ വിപണി തുറക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ ഉറപ്പ് നൽകിയതായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് കേരള ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സമുദ്രോല്പന്നങ്ങൾക്ക് 50 ശതമാനം താരിഫും 7.75 ശതമാനം ആന്റി ഡമ്പിംഗ് വെയിലിംഗ് ചാർജ്ജും ഏർപ്പെടുത്തിയ അമേരിക്കയുടെ നിലപാട് തിരുത്തിക്കുവാൻ വാണിജ്യ മന്ത്രാലയം നടത്തിവരുന്ന ചർച്ചകൾ പുരോഗമിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ പുതിയ തീരുവ ഉയർത്തിയ പ്രതിസന്ധി മൂലം സമുദ്രോല്പന്ന കയറ്റുമതി സ്ഥാപനങ്ങളും മത്സ്യതൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലുമായി വാണിജ്യ ഭവനിൽ നടത്തിയ ചർച്ചയിലാണ് കേന്ദ്ര സർക്കാരിന്റെ ഈ ഉറപ്പ് ലഭിച്ചത്. സംസ്ഥാന സർക്കാർ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് ഇത് സംബന്ധിച്ച് കഴിഞ്ഞ മെയ് മാസം നിവേദനം നൽകിയിരുന്നു.
ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് കുരുമുളക് ഡ്യൂട്ടി ഇല്ലാതെ അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്നത് കേരളത്തിലെ കുരുമുളക് കർഷകരെയും വ്യവസായത്തെയും ബാധിക്കുന്നുവെന്ന കൊച്ചിയിലെ ഇന്ത്യൻ പെപ്പർ & സ്പൈസ് ട്രേഡേഴ്സ് സമർപ്പിച്ച നിവേദനത്തിന്മേൽ നടപടി ഉണ്ടാവുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.
സംസ്ഥാന സർക്കാർ കഴിഞ്ഞ ആഗസ്റ്റ് 26ന് നൽകിയ നിവേദനം പരിഗണിച്ച്, മെഡിക്കൽ ഡിവൈസസ് പാർക്ക്, മറൈൻ മെഗാ ഫുഡ് പാർക്ക് എന്നിവയ്ക്കുള്ള കേന്ദ്രസഹായം, വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടുള്ള ലോജിസ്റ്റിക് പാർക്കുകൾ തുടങ്ങുന്നതിനുള്ള കേന്ദ്രസഹായം, കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, ഹാൻഡ്ലൂം എന്നിവയുടെ വികസനത്തിനുള്ള സഹായം.
എംഎസ്എംഇകൾക്കുള്ള ഗ്രാന്റ്, കാർബൺ ന്യൂട്രൽ കോഫി പാർക്ക് വയനാട് ആരംഭിക്കുന്നതിനുള്ള നടപടി,ക്യാമ്പസുകളിൽ ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങുന്നതിനുള്ള സഹായം, കളമശ്ശേരിയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റിനുള്ള സഹായം തുടങ്ങിയ ആവശ്യങ്ങൾക്ക് അനുകൂല തീരുമാനം സമയബന്ധിതമായി എടുക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുന്നതിന് അടുത്ത മാസം അവസാനത്തോടെ കേന്ദ്രമന്ത്രി സംസ്ഥാനം സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
















