Homepage Featured Lifestyle Tech

ഇനി സോറയുടെ കാലം; വീഡിയോയുടെ കാര്യം ആപ്പ് നോക്കിക്കോളും; വ്യത്യസ്തമായി മറ്റെന്തുണ്ട് ?

ന്യൂഡൽഹി: ഇൻസ്റ്റാ റീൽസ്, യൂട്യൂബ് ഷോർട്‌സ്‌ വസന്തങ്ങൾ ഇനി അല്പം മാറി നിൽക്കുക. ഇതിനെല്ലാം വെല്ലുവിളി ഉയർത്തി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഓപ്പൺ എഐയുടെ സോറ ആപ്പ്. ഓപ്പണ്‍എഐയുടെ ടെക്‌സ്റ്റ്-ടു-വീഡിയോ എഐ മോഡലാണ് സോറ. ടെക്‌സ്റ്റ് പ്രോംപ്റ്റ് അടിസ്ഥാനമാക്കി ചെറു വീഡിയോകള്‍ ജനറേറ്റ് ചെയ്യാനുള്ള എഐ ടൂളാണ് ഇത്.

ചാറ്റ്‌ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺ എഐ ആണ് തങ്ങളുടെ പുതിയ സോഷ്യൽ വീഡിയോ ആപ്പ് ആയ സോറ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കൾ സ്വന്തമായി വീഡിയോ നിർമിക്കേണ്ടതില്ല എന്നതാണ് ആപ്പിന്‍റെ ഒരു പ്രത്യേകത. നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയാണ് കമ്പനി ആപ്പ് നിർമിച്ചിരിക്കുന്നത് എന്നതിനാൽ, നിങ്ങള്‍ക്കാവശ്യമായ വീഡിയോ ആപ്പ് നിർമിക്കും. കമ്പനിയുടെ പുതിയ വീഡിയോ മോഡലായ സോറ 2-വിൽ അധിഷ്‌ഠിതമായാണ് സോറ ആപ്പ് ഓപ്പണ്‍എഐ നിർമിക്കുന്നത്.

2024-ലാണ് ഓപ്പണ്‍എഐ സോറ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. സോറയുടെ അടുത്ത പതിപ്പാണ് സോറ 2. കാമിയോസ് എന്ന ഫീച്ചറാണ് സോറ 2-ന്‍റെ പ്രത്യേകതകളിൽ ഒന്ന്. ഈ സോറ 2-വിന് ഒപ്പമാണ് സോറ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന ഫീഡാണ് സോറയിലുണ്ടാകുക. സോറ ആപ്പ് വഴി കാമിയോ ഫീച്ചര്‍ ഉപയോഗിച്ച് നമ്മളെ തന്നെ എഐ വീഡിയോകളുടെ ഭാഗമാക്കാന്‍ കഴിയും. ഇതിനായി ഒരുതവണ സ്വന്തം വീഡിയോയും ശബ്‌ദവും റെക്കോര്‍ഡ് ചെയ്‌ത് ഉപഭോക്താവ് സോറയിലേക്ക് അപ്‌ലോഡ് ചെയ്‌താല്‍ മതി. ഇതുവഴി യൂസര്‍മാരുടെ ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ കൂടി ഓപ്പണ്‍എഐ ലക്ഷ്യമിടുന്നു

ടിക് ടോക്കുമായി വളരെ സാദൃശ്യമുള്ളതാണ് സോറ ആപ്പ്. വെർട്ടിക്കൽ ഫീഡും സ്വൈപ്പ് സ്ക്രോൾ ഡിസൈനും തന്നെയായിരിക്കും ആപ്പിനുണ്ടാവുക. ആപ്പ് ഇപ്പോഴും നിർമാണ ഘട്ടത്തിലാണ്. ഉപയോക്താക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോപ്പിറൈറ്റിങ് ഉണ്ടാകും. അതോടൊപ്പം നിരന്തരമുള്ള സ്ക്രോളിങ് ശ്രദ്ധയിൽപ്പെട്ടാൽ വീഡിയോ ക്രിയേറ്റ് ചെയ്യുന്നതിനുള്ള നോട്ടിഫിക്കേഷൻ ആപ്പ് നൽകും. 18 വയസിന് താഴെയുള്ളവർക്ക് സോറ ആപ്പിന്‍റെ ഉപയോഗം ഓപ്പണ്‍എഐ കർശനമായി വിലക്കിയിരിക്കുന്നു.

നിലവിൽ പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമേ സോറ ആപ്പ് ആക്‌സസ് ചെയ്യാൻ സാധിക്കൂ. യുഎസിലെയും കാനഡയിലെയും ഐഫോണുകളിൽ മാത്രമാണ് ഇപ്പോൾ സോറ പുറത്തിറക്കിയിരിക്കുന്നത്. ആ ആപ്പിൽ ഉപയോക്താക്കൾക്ക് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ചെറു വീഡിയോകൾ നിർമിക്കാനും മറ്റുള്ളവർ നിർമിച്ച വീഡിയോകൾ റീമിക്‌സ് ചെയ്യാനും സാധിക്കും.

Related Posts