കൊച്ചി: രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തെറ്റെന്ന് റിപ്പോർട്ട്. യൂണിടാക് ബിൽഡേഴ്സിന് ലൈഫ് പദ്ധതി ഫ്ലാറ്റ് നിർമ്മാണത്തിനായി കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവകുമാർ കൈക്കൂലി വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ഇഡി വിളിപ്പിച്ചതെന്നായിരുന്നു മാധ്യമ വാർത്തകൾ. എന്നാൽ ലാവ്ലിൻ കമ്പനി വിവേകിന് പഠനത്തിനായി പണം നൽകിയതിനാണ് സമൻസ് അയച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ലാവ്ലിൻ കമ്പനിയുടെ മുൻ ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ മുഖ്യമന്ത്രിയുടെ മകന് യുകെയിൽ പഠിക്കാനായി പണം നൽകിയെന്ന് വിവരം ലഭിച്ചെന്നും ഇത് അന്വേഷിക്കാനാണ് ഇഡി സമൻസ് അയച്ചതെന്നുമാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ജി കാർത്തികേയനും പണം നൽകിയതായി വിവരമുണ്ട്. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലാണ് (ഇ.സി.ഐ.ആര്‍.) ഈ കാര്യങ്ങള്‍ ഇ.ഡി. വ്യക്തമാക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പി.എം.എല്‍.എ) പ്രകാരമാണ് നടപടിയെടുത്തത്.
തന്റെയും കമ്പനിയുടേയും താത്പര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദിലീപ് രാഹുലൻ പണം കൈമാറുന്നതെന്നാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. 2007 ലാണ് സിബിഐ, എസ്എൻസി ലാവ്ലിൻ കേസ് രജിസ്റ്റർ ചെയ്യുന്നത്. 2009 ൽ കുറ്റപത്രം സമർപ്പിച്ചു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തായിരുന്നു കുറ്റപത്രം.
എന്നാൽ ഇതിനെതിരെ പിണറായി വിജയൻ ഹർജി നൽകുകയും ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. തുടർന്ന് സിബിഐ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അതിൽ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇ.ഡി, ദിലീപ് രാഹുലനെതിരെ ലഭിച്ച ഒരു മൊഴിയുടെ അടിസ്ഥാനത്തിലാണ് 2020-ല്‍ ഇ.സി.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
















