തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ പരിഷ്കരണത്തിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുടെ പരിഷ്കരണം കായിക വിദ്യാർത്ഥികൾക്ക് കൂടി ഗുണകരമാക്കുന്ന ഒരുക്കാൻ വേണ്ടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പാഠപുസ്തകങ്ങളിൽ പരിഷ്കരണം നടത്തുമെന്ന് പ്രഖ്യാപിച്ചത്.കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ വിദ്യാഭ്യാസപരിഷ്കാരങ്ങൾ നടപ്പാക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സംസ്ഥാന കായിക ദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
“കേരളം സമ്പന്നമായ കായിക പാരമ്പര്യമുള്ള നാടാണ്. ഗ്രാമങ്ങളിൽ നിന്ന് അന്തർദേശീയ വേദികളിലേക്ക് ഉയരുന്ന നമ്മുടെ വിദ്യാർത്ഥികൾ സംസ്ഥാനത്തിന്റെ അഭിമാനങ്ങളാണ്,” മന്ത്രി പറഞ്ഞു. കായിക മേഖല ശരീരസൗഖ്യത്തിന്റെയും മാനസിക ബലത്തിന്റെയും കൂട്ടായ്മയുടെയും പാഠശാലയാണെന്നും സ്കൂളുകളിലും കോളേജുകളിലും മികച്ച കായിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. “കുട്ടികളുടെ കായിക സ്വപ്നങ്ങൾക്ക് പിന്തുണ നൽകാൻ അധ്യാപകരും മാതാപിതാക്കളും കൈകോർക്കണം. സംസ്ഥാന കായിക ദിനത്തിന്റെ ഈ അവസരത്തിൽ എല്ലാ കായിക താരങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.
















