Homepage Featured Kerala News

യുവതിയുടെ ആത്മഹത്യ ശ്രമം; രക്ഷാപ്രവർത്തനത്തിന് എത്തിയ ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ ദാരുണാന്ത്യം. സംഭവം ഇന്ന് പുലർച്ചെ കൊല്ലം നെടുവത്തൂരിൽ. കൊട്ടാരക്കര ഫയർ ആന്റ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്.
രക്ഷാപ്രവർത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് തകർന്നുവീണതാണ് ദുരന്തത്തിന് കാരണമായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച അർച്ചന മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു.

സമീപം 80 അടി ആഴമുള്ള കിണറ്റിലേക്കാണ് അർച്ചന എടുത്ത് ചാടിയത്. പുലർച്ചെ 12.15 ഓടെയാണ് ഫയർഫോഴ്സിന് അപകട വിവരം ലഭിച്ചത്. കൊട്ടാരക്കര യൂണിറ്റിലെ സംഘം സ്ഥലത്തെത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയിൽ നിൽക്കുകയായിരുന്നു. അമ്മ കിണറ്റിൽ വീണതായാണ് അവർ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് അംഗമായ സോണി സുരക്ഷാ ഉപകരണങ്ങളുമായി കിണറ്റിൽ ഇറങ്ങി യുവതിയെ കയറ്റാൻ ശ്രമിക്കുമ്പോഴാണ് കൈവരി തകർന്നുവീണത്. അപകടസമയത്ത് കിണറിന്റെ അരികിൽ നിൽക്കുകയായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണനും കിണറ്റിലേക്കു വീണു.

അർച്ചനയും ശിവക‍ൃഷ്ണനും കുറച്ചു നാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇവർക്കിടയിലുണ്ടായ തർക്കമാണ് അർച്ചന ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. അപകടസമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. “ശിവകൃഷ്ണൻ കൈവരിയിൽ ചാരിയതോടെ അത് പെട്ടെന്ന് ഇടിഞ്ഞ് വീണു,” എന്ന് ഒപ്പമുണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൈവരിയുടെ ബലക്കുറവാണ് അപകടത്തിന് കാരണം എന്നും ഫയർഫോഴ്സ് വ്യക്തമാക്കി.

Related Posts