കൊൽക്കത്ത: മെഡിക്കൽ കോളേജിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മെഡിക്കൽ കോളേജിനാണ് ഉത്തരവാദിത്തമെന്നും രാത്രിയിൽ പെൺകുട്ടികളെ പുറത്തു വിടരുതെന്നും മമത പറയുന്നു.
“രാത്രിയിൽ ഒരു പെൺകുട്ടിയെ പുറത്തിറങ്ങാൻ അനുവദിക്കരുത്. അവൾ സ്വയം സംരക്ഷിക്കുകയും വേണം”-മമത പറഞ്ഞു. തന്റെ സർക്കാരിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അന്യായമാണെന്നും ബംഗാൾ മുഖ്യമന്ത്രി പറയുന്നു. സംഭവത്തിൽ എന്തുകൊണ്ടാണ് തന്റെ സർക്കാരിനെ ഒറ്റപ്പെടുത്തുന്നതെന്ന് ചോദിച്ച മമത ആരെയും വെറുതെ വിടില്ലെന്നും പറഞ്ഞു. ഒരു മാസം മുമ്പ് ഒഡിഷയിലെ പുരി ബീച്ചിൽ ഒരു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത് മമത ഓർമ്മിപ്പിച്ചു. ഇതിൽ ഒഡിഷ സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്നും മമത ചോദിക്കുന്നു.
കൊൽക്കത്തയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ അകലെ ദുർഗാപൂരിലെ ശോഭാപൂരിനടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. അതിജീവിതയുടെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം പുറത്തുപോയ പെൺകുട്ടിയെ 8.30 ഓടെ ചിലർ തടഞ്ഞു നിർത്തുകയും വനപ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
പെൺകുട്ടിയുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. മകളുടെ സുഹൃത്ത് തെറ്റിദ്ധരിപ്പിച്ച് സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവനും ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ മകളുടെ മൊബൈലും 5000 രൂപയും കവർന്നതായും പരാതിയിൽ പറയുന്നു. കേസിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റ് രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
















