കാബൂൾ: പാകിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ശനിയാഴ്ച കനത്ത സായുധ ഏറ്റുമുട്ടലുണ്ടായി. ഇരുപക്ഷത്തും നിരവധി സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നാരോപിച്ചാണ് താലിബാൻ സേന തിരിച്ചടിക്ക് ഇറങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തും ഉണ്ടായ മൂന്ന് സ്ഫോടനങ്ങൾക്ക് പിന്നിൽ പാകിസ്ഥാനാണെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. പാകിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചുവെന്നും അതിന് മറുപടി നൽകാതിരിക്കാൻ കഴിയില്ലെന്നും താലിബാൻ വ്യക്തമാക്കി.
കാബൂളിലെ വ്യോമാക്രമണത്തിന് പ്രതികാരമായാണ് താലിബാൻ സേന അതിർത്തിയിലെ വിവിധ മേഖലകളിൽ പാക് സേനയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഏർപ്പെട്ടതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അർദ്ധരാത്രിയോടെ ഓപ്പറേഷനുകൾ വിജയകരമായി അവസാനിച്ചതായും, ഭാവിയിൽ പാകിസ്ഥാൻ വീണ്ടും അതിക്രമിച്ചുകയറിയാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് മന്ത്രാലയ വക്താവ് ഇനായത്ത് ഖൊവരാസ്ം എഎഫ്പിയോട് പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളാണെന്നാരോപണം പാകിസ്ഥാൻ നിഷേധിച്ചു. 2021 മുതൽ നൂറുകണക്കിന് സൈനികരെ കൊലപ്പെടുത്തിയതിനും, അഫ്ഗാൻ താലിബാനുമായി സമാനമായ പ്രത്യയശാസ്ത്രം പങ്കിടുന്നതും തേഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) ആണെന്ന് ഇസ്‌ലാമാബാദ് ആരോപിച്ചു. കഴിഞ്ഞ മാസങ്ങളായി അതിർത്തി പ്രദേശങ്ങളിൽ പാക് സേനയ്‌ക്കെതിരെ ടിടിപി തീവ്രവാദികൾ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു.
അഫ്ഗാൻ മണ്ണ് ഉപയോഗിച്ച് പാകിസ്ഥാനെ ആക്രമിക്കുന്ന തീവ്രവാദികളെ നീക്കം ചെയ്യുന്നതിൽ താലിബാൻ പരാജയപ്പെട്ടുവെന്ന ആരോപണം പാകിസ്ഥാൻ മുന്നോട്ട് വയ്ക്കുമ്പോൾ, അഫ്ഗാൻ ഭരണകൂടം അതിനെ തള്ളിക്കളഞ്ഞു. അഫ്ഗാൻ താലിബാൻ ടിടിപിയ്ക്ക് ലോജിസ്റ്റിക്കൽ, ഓപ്പറേഷണൽ പിന്തുണ നൽകുന്നുണ്ടെന്ന് ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭാ റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്.
















