കൊൽക്കത്ത: കൊൽക്കത്തയിൽ ഒഡിഷ സ്വദേശിനിയായ രണ്ടാം വർഷ എംബിബിഎസ് ബിരുദ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം പുറത്തുപോയ പെൺകുട്ടിയെ 8.30 ഓടെ ചിലർ തടഞ്ഞു നിർത്തുകയും വനപ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടി ഒഡീഷയിലെ ജലേശ്വര് സ്വദേശിനിയും ദുര്‍ഗാപുരിലെ ശിവാപുരിലുള്ള ഐക്യു സിറ്റി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയുമാണ്. അതിജീവിതയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. മകളുടെ സുഹൃത്ത് തെറ്റിദ്ധരിപ്പിച്ച് സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവനും ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്. അക്രമികൾ മകളുടെ മൊബൈലും 5000 രൂപയും കവർന്നതായും പരാതിയിൽ പറയുന്നു.
ഗുരുതര പരുക്കുമായി അതിജീവിതയെ ദുർഗാപൂരിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് വിഷയത്തിൽ റിപ്പോര്‍ട്ട് തേടി. ദേശീയ വനിതാ കമ്മീഷന്റെ ഒരു സംഘം അതിജീവിതയെയും മാതാപിതാക്കളെയും കാണാനായി ദുര്ഗാപുരിലേക്ക് തിരിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ ബിരുദാനന്ദര ബിരുദ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യ വ്യപകമായി പ്രതിഷേധമുയർന്നിരുന്നു. സംഭവത്തില്‍ പ്രതിയായ സഞ്ജയ് റോയ് എന്ന സിവിക് പോലീസ് വോളണ്ടിയറെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ഈ വർഷം കസ്ബയിലുള്ള സൗത്ത് കൊൽക്കത്ത ലോ കോളേജ് വളപ്പിൽ ഒരു നിയമ വിദ്യാർത്ഥിയും കൂട്ടബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളും മനോജിത് മിശ്രയെന്ന പൂർവ വിദ്യാർത്ഥിയും ഒരു സെക്യൂരിറ്റി ഗാർഡുമായിരുന്നു അറസ്റ്റിലായത്.
















