കണ്ണൂർ: തളിപ്പറമ്പിലെ തീപ്പിടുത്തത്തിൽ 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികൾ. 100 ലധികം വരുന്ന കടകളാണ് പ്രദേശത്ത് കത്തിനശിച്ചത്. ഇവർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുകയെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകീട്ടോടെയാണ് തളിപ്പറമ്പിൽ തീപ്പിടുത്തമുണ്ടായത്, ആദ്യം ഒരു കടയ്ൽ മാത്രമായിരുന്നു തീ ഉണ്ടായിരുന്നത് എന്നാൽ ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും മറ്റു കടകളിലേക്ക് പടർന്നിരുന്നു. തളിപ്പറമ്പിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റിനൊപ്പം പയ്യന്നൂരിൽ നിന്നുള്ള യൂണിറ്റും തുടക്കം മുതൽ തന്നെയെത്തിയെങ്കിലും തീ നിയന്ത്രിക്കാനായില്ല. തുടർന്ന് തീ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തീ പടരുകയായിരുന്നു.
ഇതോടെ കണ്ണൂർ ജില്ലയിലെയും കാഞ്ഞങ്ങാട്, ഹൊസ്ദുർഗ്, എന്നിവിടങ്ങളിലേയും ഇരുപതിലധികം വരുന്ന അഗ്നിശമനസേനാ യൂണിറ്റുകളും കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള അഗ്നിശമന യൂണിറ്റും സ്ഥലത്തേക്കെത്തിച്ചു. ഇതോടെയാണ് തീ അണക്കാനുള്ള ശ്രമം ഫലം കണ്ടത്. അപ്പോഴേക്കും കടകളേറെയും കത്തി നശിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മണ്ഡലത്തിലെ പ്രധാന നഗരമാണ് തളിപ്പറമ്പ്.
തളിപ്പറമ്പിലെ കെവി കോംപ്ലക്സിലാണ് തീപ്പിടുത്തമുണ്ടായത്. താഴെ നിലയിലുള്ള മാക്സ്ട്രോ എന്ന കടയിൽ നിന്ന് ആരംഭിച്ച തീ മിനിറ്റുകൾക്കുള്ളിലാണ് മുകളിലേക്ക് പടർന്നത്. ഷാലിമാർ സ്റ്റോർ, ഫൺ സിറ്റി, ബോയ്സ് സോൺ, രാജധാനി സൂപ്പർ മാർക്കറ്റ്, സർഗചിത്ര സ്റ്റുഡിയോ, കളേഴ്സ് റെഡിമെയ്ഡ്സ്, എസ്എം പച്ചക്കറി, പിഎംഎസ് പച്ചക്കറി തുടങ്ങിയ ഒട്ടേറെ കടകളാണ് കത്തി നശിച്ചത്.
കടകളിൽ ജോലി ചെയ്തവർ അന്നത്തെ വ്യാപാരത്തിൽ ലഭിച്ച തുക പോലും എടുക്കാതെയാണ് ജീവനും കൊണ്ട് രക്ഷപ്പെട്ടത്. അംഗവൈകല്യമുള്ളവരും കടകളിൽ ജോലിയിലുണ്ടായിരുന്നു ഇവരും സുരക്ഷിതരാണ്. ഇത്ര വലിയ തീപ്പിടുത്തം തളിപ്പറമ്പിന്റെ ചരിത്രത്തിൽ ആദ്യമാണ്. എങ്കിലും ആളപായമില്ലെന്നത് ആശ്വാസമാണ്.
















