നോർവേ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജനാധിപത്യ പ്രവർത്തക മരിയ കൊറീന മച്ചാഡോയ്ക്കെന്ന പ്രഖ്യാപനം പുറത്തു വന്ന നിമിഷം മുതൽ ട്രോളു കിട്ടിയിരിക്കുന്നത് മറ്റൊരാൾക്കാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്. ‘ഐ വാണ്ട് നൊബേൽ..’ (നൊബേൽ എനിക്കുവേണം..) എന്ന് പറഞ്ഞ് കരയുന്ന കുഞ്ഞായാണ് ചിലർ ട്രംപിനെ ചിത്രീകരിക്കുന്നത്. മറ്റു ചിലരാകട്ടെ സമാധാന പുരസ്കാരത്തെക്കുറിച്ചുള്ള നൊബേലിന്റെ ഔദ്യോഗിക എക്സ് പേജിലെ പോസ്റ്റിനു താഴെ ട്രംപിന്റെ ഫോട്ടോ കമന്റ് ചെയ്തിരിക്കുന്നു. ‘വാട്ട് എബൗട്ട് ദിസ് ഹീറോ’ എന്ന് ഫോട്ടോയ്ക്കൊപ്പം എഴുതിയിട്ടുണ്ട്. എന്തായാലും കഷ്ടമാണ് ആ ഹീറോയുടെ കാര്യം.
നൊബേലിന് താൻ അർഹനാണെന്നും തന്റെ നേതൃത്വത്തിൽ ലോകം സമാധാനത്തിലേക്ക് നീങ്ങുന്നതായും പ്രഖ്യാപിച്ച ട്രംപിന് വൻ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. പുരസ്കാരം ട്രംപിനു കൊടുത്തിരുന്നുവെങ്കിൽ അത് ഇതുവരെ നൊബേൽ നേടിയവരോടുള്ള അനാദരവായേനെയെന്നാണ് ചിലരുടെ അഭിപ്രായം. ‘നോ… ഹീ ഡിസേർവ്ഡ്'(‘പറ്റില്ലാ..ഇദ്ദേഹത്തിന് അവകാശപ്പെട്ടത്’) എന്ന് എഴുതി കൈയുയർത്തി ബഹളമുണ്ടാക്കുന്ന ട്രംപിന്റെ ഫോട്ടോ പങ്കു വെക്കുന്നവരും കുറവല്ല.
താൻ ചൈനീസ് പ്രസിഡന്റുമായി ഡീലിലെത്തിയെന്ന് ഒരാൾ പറഞ്ഞപ്പോൾ ഞാനത് ചെയ്തിട്ടില്ലെന്ന് ഷിജിൻ പിങ്ങ് പറഞ്ഞു. ഇന്ത്യ പാക്കിസ്താൻ യുദ്ധത്തിൽ വെടി നിർത്തലിനായി ഇടപെടൽ നടത്തിയെന്ന് അയാൾ മറ്റൊരിക്കൽ പറഞ്ഞു. ഇല്ലാ അവൻ അതു ചെയ്തില്ലായെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുട്ടിൻ തന്നെ ബുദ്ധിമാൻ എന്നു വിളിച്ചെന്നായിരുന്നു മറ്റൊരിക്കൽ അയാളുടെ തന്നെ പ്രഖ്യാപനം. പക്ഷേ പുടിൻ അത് നിഷേധിച്ചു. അയാൾക്കൊരു നൊബേൽ കൊടുക്കാമായിരുന്നു. ഇങ്ങനെ പോകുന്നു ട്രോളുകൾ.
മാധ്യമങ്ങളിലൂടെ കാമ്പയിൻ നടത്തി സമാധാനത്തിന്റെ ദൂതനെന്ന് പ്രഖ്യാപിക്കുന്ന ട്രംപിനല്ല ദീർഘകാലമായി ജനാധിപത്യ പ്രവർത്തനങ്ങൾ നടത്തുന്ന മരിയ കൊറീന മച്ചാഡോ തന്നെയാണ് യഥാർഥ അവകാശിയെന്ന് ചിലർ പറയുന്നു. അങ്ങനെ ബരാക് ഒബാമയ്ക്ക് ശേഷം ഒരു അമേരിക്കൻ പ്രസിഡന്റിനെ തേടി നൊബേൽ എത്തുമോ എന്ന ചോദ്യത്തിന് ഏതായാലും തത്കാല വിരാമമായി.
അതേസമയം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച മരിയ കൊറീന മചാഡോ സ്വേച്ഛാധിപതികൾ അധികാരം പിടിച്ചെടുക്കുമ്പോൾ ധീരമായി ചെറുത്തു നിന്ന വനിതയാണ്. വെനിൻസ്വലയിലെ പ്രതിപക്ഷനേതാവ് കൂടിയാണ് മനുഷ്യാവകാശ പ്രവർത്തകയായ മരിയ കൊറീന മചാഡോ. 20 വർഷത്തിലേറെയായി തുടരുന്ന ജനാധിപത്യ അവകാശ പ്രവർത്തനങ്ങൾക്കാണ് അവർ നൊബേൽ പുരസ്കാരം നേടിയത്.
















