Homepage Featured Kerala News

സ്വർണപ്പാളി വിവാദം; നിർണായക ഉത്തരവുകളുമായി ഹൈക്കോടതി

എറണാകുളം: സ്വർണപ്പാളി വിവാദത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ആറാഴ്ച്ചയ്ക്കകം എസ്ഐടി അന്തിമ റിപ്പോർട്ട് നൽകണം. ഓരോ രണ്ടാഴ്ച്ചയിലും അന്വേഷണ പരോ​ഗതി സംബന്ധിച്ച് റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കണം. സംസ്ഥാന പോലീസ് മേധാവി കേസിൽ കക്ഷി ചേരണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം 474 ​ഗ്രാം സ്വർണത്തിന്റെ ക്രമക്കേടുണ്ടായതായി കോടതി നിരീക്ഷിച്ചു. വിഷയം എഫ്ഐആർ ഇട്ട് അന്വേഷിക്കണം. സ്വർണപ്പാളികൾ 2019 ജൂലായ് മാസത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നൽകാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ട്. വിജിലൻസ് റിപ്പോർട്ടനുസരിച്ച് സ്വർണം വേർതിരിച്ച് സ്വർണം പൂശി നൽകണമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി സ്മാർട്ട് ക്രിയേഷനോട് ആവശ്യപ്പെട്ടു. ചെമ്പിൽ തന്നെ സ്വർണം പൂശാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി ഇവർക്ക് നിർദേശം നൽകി. കോടതി പറഞ്ഞു.

ഉണ്ണിക്കൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും മാധ്യമങ്ങളിൽ നിർണായക വിവരങ്ങൾ തെറ്റായി വരുന്നത് തടയണമെന്നും കോടതി പറഞ്ഞു. 1999 ൽ പേപ്പറിന്റെ വലിപ്പത്തിൽ പാളികളാക്കി സ്മാർട്ട് ക്രിയേഷൻസ്‍ ദേവസ്വത്തിന് നൽകിയ സ്വർണമായിരുന്നു ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞത്. വാതിൽപാളികൾ ഇളക്കി മാറ്റിയതിലും സ്വർണപ്പാളി വിവാദത്തിലും പ്രത്യേകം അന്വേഷണം വേണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

ബോർഡ് യോ​ഗത്തിന്റെ തീരുമാനമില്ലാതെയാണ് ദ്വാരപാലക ശിൽപ്പത്തിന്റെ പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നൽകിയതെന്ന് ദേവസ്വം വിജിലൻസ് നേരത്തേ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയത്തിൽ പ്രതികരിച്ചു. വ്യാജ മോൾഡുണ്ടാക്കി ചെന്നൈയിലേക്ക് കൊടുത്തു വിട്ടത് സ്വർണം കവർച്ച ചെയ്യാനാണെന്ന് അദ്ദേഹം പറഞ്ഞു. വേറെ ആർക്കും റിപ്പോർട്ട് ചെയ്യരുതെന്നും നേരിട്ട് കോടതിയിൽ റിപ്പോർട്ട് നൽകണമെന്നുമുള്ള ഉത്തരവ് ആശ്വാസകരമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതികരിച്ചു. സർക്കാരിനും ദേവസ്വം ബോർഡിനും കനത്ത തിരിച്ചടിയാണിത് വിഡി സതീശൻ പറയുന്നു.

സ്വർണപ്പാളി വിവാദം മറയ്ക്കാനാണ് താരങ്ങളുടെ വീട്ടിൽ നടത്തിയ റെയിഡെന്ന സുരേഷ് ​ഗോപിയുടെ ആരോപണത്തിലും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന് ഒരു കേന്ദ്ര മന്ത്രി തന്നെ പറഞ്ഞ സ്ഥിതിക്ക് അത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും തങ്ങളുടെ ആരോപണം ശരിയാണെന്നു തെളിഞ്ഞതായും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

Related Posts