പാലക്കാട്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ നടന്ന റെയിഡുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ്ഗോപി രംഗത്ത്. സ്വർണപ്പാളി വിവാദം മുക്കാനാണോ സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴച്ചതെന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. കേന്ദ്ര മന്ത്രിയായിരിക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു. പാലക്കാട് അകത്തേത്തറയിൽ നടന്ന കലുങ്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘എനിക്കറിയത്തില്ല സ്വർണത്തിന്റെ വിവാദം മുക്കാൻ വേണ്ടിയാണോ ആ രംഗത്ത് ത്രാസിൽ കയറ്റി അളക്കാൻ രണ്ടുപേരെ കേരള ജനതയ്ക്ക് വിട്ടു കൊടുത്തതെന്ന്. അത് സംബന്ധിച്ച് എൻഐഎ എല്ലാം ഇന്റൻസീവ് ആയി പരിശോധിക്കുന്നതിനാൽ കേന്ദ്ര മന്ത്രിസഭയിലിരുന്നു കൊണ്ട് ഞാൻ ഒന്നും പറയാൻ പാടില്ല. എങ്കിലും ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ള ആൾക്കാരെ മലിനപ്പെടുത്തുകയെന്ന പ്രക്രിയയാണ് പൊലിസിനെ ഉപയോഗിച്ചുകൊണ്ട് നടത്തുന്നത്. ഇനിയും വരും കഥകൾ’- സുരേഷ് ഗോപി പറയുന്നു.
ഓപ്പറേഷൻ നുംഖൂർ എന്ന പേരിൽ സിനിമാ താരങ്ങൾക്കെതിരെ അന്വേഷണം ആരംഭിച്ചത് കേന്ദ്ര ഏജൻസിയായ കസ്റ്റംസ് ആണ്. പിന്നീട് മറ്റൊരു കേന്ദ്ര ഏജൻയായ ഇഡിയും വിഷയത്തിൽ റെയിഡുമായി രംഗത്തെത്തി. എന്നാൽ സ്വർണപ്പാളി വിവാദം സംസ്ഥാനത്തെ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടതാണ്. വിഷയം ഇങ്ങനെയാണെന്നിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന കലുങ്ക് സംവാദത്തിനിടെ സ്വർണപ്പാളി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നടപടികളെന്ന തരത്തിൽ കേന്ദ്ര മന്ത്രിയുടെ ഭാഗത്ത് നിന്നു വിമർശനമുണ്ടായത് എങ്ങിനെയെന്ന് വ്യക്തമല്ല.
കൂടുതൽ വിശദീകരണത്തിന് മന്ത്രി തയ്യാറാകാത്ത സാഹചര്യത്തിൽ ആശയക്കുഴപ്പത്തിലാണ് ബിജെപി നേതൃത്വമെന്നാണ് സൂചന. ഭൂട്ടാനിൽ നിന്നുള്ള അനധികൃത വാഹന കടത്തു നടക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളാണ് ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ തുടങ്ങിയ താരങ്ങളുടെ വീടുകളിൽ പരിശോധന നടത്തിയത്.
















