കൊച്ചി: സൂപ്പർ താരം മെസ്സിയും താരങ്ങളും അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്. വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ വരെയാണ് നിരക്കെന്നാണ് റിപ്പോർട്ടുകൾ. 3 പേരടങ്ങുന്ന വിവിഐപി ടിക്കറ്റിന് ഒരു കോടി രൂപയാണ് നൽകേണ്ടതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത് 5000 രൂപ മുതലാണെന്നത് ഫുഡ്ബോൾ പ്രേമികൾക്ക് ആശ്വാസമാകും.
ഇക്കാര്യത്തിൽ സ്പോൺസർമാരുടെ ഔദ്യോഗിക തീരുമാനം ഇതുവരെ പുറത്തു വന്നിട്ടില്ല. നവംബർ 10 മുതൽ 18 വരെയുള്ള തീയതികളിലാണ് മെസ്സിയടങ്ങുന്ന അർജന്റീന ടീം കേരളത്തിലെത്തുന്നത്. കേരളത്തിലെ മത്സരത്തിൽ ആരാകും അർജന്റീന ടീമിന്റെ എതിരാളികളെന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ഒക്ടോബറിൽ അമേരിക്കയിലാണ് മെസ്സി കളിക്കുന്നത്.
അതേസമയം ഡിസംബറിൽ മെസ്സി വീണ്ടും ഇന്ത്യയിലെത്തും . ’ഗോട് ടൂർ ഓഫ് ഇന്ത്യ 2025″ എന്നറിയപ്പെടുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് മെസ്സി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുന്നത്. ഡിസംബർ 13 മുതൽ 15 വരെ നടക്കുന്ന ഈ മൂന്ന് ദിവസത്തെ പരിപാടി കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളിലാണ് നടക്കുക. സംസ്കാരവും സ്പോർട്സും താരശോഭയിൽ അണിനിരക്കുന്നതാവും മെസ്സിയെത്തുന്ന ഡിസംബറിലെ ഈ ‘ഉത്സവം’ എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയെ “വളരെ പ്രത്യേകമായ ഒരു രാജ്യം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് മെസ്സി ഇൻസ്റ്റാഗ്രാമിൽ ആവേശകരമായ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 2011 ൽ കൊൽക്കത്തയിൽ നടന്ന സൗഹൃദ മത്സരം ആരാധകരെ അത്ഭുതപ്പെടുത്തിയ അദ്ദേഹത്തിന്റെ ഓർമ്മകളാണ് കുറിപ്പിലുള്ളത്. എന്നാൽ മെസ്സിയുടെ ഡിസംബറിലെ ഈ സന്ദർശനം ഏതെങ്കിലും മത്സരത്തിനല്ല. കാണികൾക്ക് മെസ്സിയുടെ ഫുഡ്ബോൾ അനുഭവങ്ങൾക്കൊപ്പം മറ്റു വിനോദത്തിന്റെ സാധ്യതകൾ കൂടി നൽകുന്നതാവും പരിപാടിയെന്നാണ് സംഘാടകർ പറയുന്നത്. 3500 മുതൽ 50,000 വരെയാകും ഇതിൽ ടിക്കറ്റ് നിരക്കുകളെന്നും വാർത്തകളുണ്ട്.
















