2025 ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരൻ ലാസ്നോ ക്രസ്നഹോർക്കൈക്കാണ് പുരസ്കാരം. നോവലിസ്റ്റും കഥാകൃത്തുമായ ലാസ്നോയുടെ ആദ്യ നോവൽ പുറത്തുവന്നത് 1985 ലാണ്.
അപ്പോക്കലിപ്റ്റിക് ഭീകരതയ്ക്കിടയിൽ, കലയുടെ ശക്തിയെ വീണ്ടും വർദ്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദീർഘവീക്ഷണമുള്ളതുമായ പ്രവർത്തനത്തിന് ലാസ്നോ ക്രസ്നഹോർക്കൈക്ക് 2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നൽകുന്നുവെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. 1954 ൽ തെക്കേ ഹംഗറിയിലെ ജ്യൂല എന്ന ചെറു പട്ടണത്തിൽ ജനിച്ച ലാസ്നോയുടെ ആദ്യ നോവൽ 1885ൽ പുറത്തുവന്ന ‘സതാൻതാങോ’ ആണ്.
ലാസ്നോ ക്രസ്നഹോർക്കൈ എഴുതിയ ‘ഹേഴ്ഷ്റ്റ് 07769’ എന്ന ജർമ്മൻ നോവൽ ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക അസമത്വങ്ങളെ കൃത്യതയോടെ ചിത്രീകരിക്കുന്നതാണ്. അക്രമത്തെയും സൗന്ദര്യത്തെയും സംയോജിപ്പിച്ച് എഴുതിയ ഒരു പുസ്തകമാണിത്. സാമൂഹിക അരാജകത്വം, കൊലപാതകം, തീവയ്പ്പ് എന്നിവ നിറഞ്ഞ ജർമ്മനിയിലെ തുറിൻഗെനിലെ ഒരു പട്ടണത്തിൽ നടക്കുന്ന കാര്യങ്ങളാണ് കഥയിലൂടെ എഴുത്തുകാരൻ പറയുന്നത്.
ദക്ഷിണ കൊറിയന്‍ സാഹിത്യകാരിയായ ഹാന്‍ കാങ്ങിനാണ് 2024-ല്‍ സാഹിത്യ നൊബേല്‍ ലഭിച്ചിരുന്നത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കുള്ള നൊബേലുകള്‍ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.
















