ഡൽഹി: പീരുമേട് തെരഞ്ഞെടുപ്പ് കേസിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നോട്ടീസ് അയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമൻ അന്തരിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയക്കുന്നത്.
സോമന്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി സിറിയക് ജോസഫ് സമര്‍പ്പിച്ച ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സിറിയാക് ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് സോമൻ അന്തരിച്ചത്. എന്നാൽ കേസിൽ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം വാഴൂർ സോമൻ ഒഴികെയുള്ള നാലു കക്ഷികൾക്കെതിരെ നോട്ടീസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. എസ്. രാജന്‍, ബിജു തോമസ്, ഗോപാലകൃഷ്ണന്‍, സോമന്‍ കുഞ്ഞുകുഞ്ഞു എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍,എന്‍.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. കേസിലേ മറ്റാരെങ്കിലും കക്ഷിചേരാൻ ആഗ്രഹിക്കുന്നുണ്ടോ എന്നറിയാനായി പൊതുനോട്ടീസ് ഇറക്കാനും നിർദേശമുണ്ട്. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വാഴൂര്‍ സോമന്‍ പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.
എന്നാൽ ബോധപൂർവം ഒരു കാര്യവും മറച്ചു വെച്ചിട്ടില്ലെന്നും വരണാധികാരിയുടെ അനുമതിയോടെ മാത്രമേ തിരുത്തലുകൾ വരുത്തിയിട്ടുള്ളൂ എന്നും സോമൻ ഹൈക്കോടതിയിൽ മറുപടി നൽകിയിരുന്നു. ഇതനുസരിച്ചാണ് മുമ്പ് ഹൈക്കോടതി സിറിയക് ജോസഫിന്റെ ഹർജി തള്ളിയിരുന്നത്. എന്നാൽ തുടർന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
മുതിർന്ന അഭിഭാഷകൻ നരേന്ദ്ര ഹുദ, അഭിഭാഷകൻ അൽജോ കെ ജോസഫ് എന്നിവരാണ് സിറിയക് ജോസഫിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് ജസ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
















