ഡൽഹി: ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള കരാർ ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇത് ഗാസയ്ക്ക് സഹായമാകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും മോദി കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെ ആയിരുന്നു മോദിയുടെ പ്രതികരണം.
പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള കരാറിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണെന്നും അഭിപ്രായപ്പെട്ടു.
‘ബന്ദികളെ മോചിപ്പിക്കുന്നതും ഗാസയിലെ ജനങ്ങൾക്കു നൽകുന്ന മെച്ചപ്പെട്ട മാനുഷികമായ സഹായവും ഇരുവർക്കും ആശ്വാസം നൽകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’- മോദി പറയുന്നു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതിയിൽ അന്തിമ ധാരണയിലെത്താൻ ഇസ്രായേലും ഹമാസും ചർച്ച തുടങ്ങി. ഇരു വിഭാഗങ്ങളും ഈജിപ്ഷ്യൻ നഗരമായ ഷാം എൽ-ഷൈഖിൽ അനൗദ്യോഗിക ചർച്ചകൾക്ക് ഒക്ടോബർ ആറിന് തുടക്കമിട്ടിട്ടുണ്ട്. ഇതിൽ ഇസ്രയേലും ഹമാസും കരാറില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വിധം ബന്ദികളെ വിട്ടയയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി ഹമാസ് ചുരുങ്ങിയത് 20 ബന്ദികളെയെങ്കിലും വിട്ടയച്ചേക്കും. സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിനു പിന്നാലെയായിരിക്കും ഇത്. എല്ലാ ബന്ദികളെയും ഉടന്‍ വിട്ടയയ്ക്കുമെന്നാണ് പ്രതീക്ഷ. ഇസ്രയേല്‍ തങ്ങളുടെ സൈന്യത്തെ മുന്‍പ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന വിധമുള്ള അതിര്‍ത്തികളിലേക്ക് ഇറക്കും,’ ട്രംപ് പറഞ്ഞു. ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് ഒരുക്കമാണെന്ന സൂചന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകളിലും വ്യക്തമാണ്. ‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ അവരെയെല്ലാം ഉടന്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’-നെതന്യാഹു പ്രതികരിക്കുന്നു.
2023 ഒക്ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രായേൽ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന് ഒരു ദിവസം മുൻപാണ് സമാധാന ചർച്ചകൾക്ക് തുടക്കമിട്ടത്. ഹമാസിന്റെ ആക്രമണത്തിൽ തുടർന്ന് ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്. രണ്ട് വർഷത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ 67,160 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
















