ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയത് മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍ ആണെന്ന വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഗംഭീര്‍ പരിശീലകനായി ചാര്‍ജ്ജെടുത്ത ശേഷം ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉണ്ടായെന്നും തിവാരി പറഞ്ഞു.
ഏകദിന ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയ്ക്കു പകരം ശുഭ്മാന്‍ ഗില്ലിനെ നായകനായി നിയോഗിച്ചതിനു പിന്നാലെയാണ് തിവാരിയുടെ ഒളിയമ്പ്. വിരാട് കോലി, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന് എന്നിവരുടെ വിരമിക്കലിനു കാരണം ഗംഭീര്‍ ആണെന്നും തിവാരി പറയുന്നു.
‘ അശ്വിനെയും കോലിയെയും രോഹിത്തിനെയും പോലുള്ള മുതിര്‍ന്ന താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ അവര്‍ അംഗീകരിക്കാത്ത കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ഉയരും. മുഖ്യ പരിശീലകന്, ടീം സ്റ്റാഫുകള്‍ എന്നിവരേക്കാള്‍ പരിചയസമ്പത്ത് ഉള്ള താരങ്ങളാണെങ്കില്‍ ഉറപ്പായും. അപ്പോള്‍ അങ്ങനെയുള്ള മുതിര്‍ന്ന താരങ്ങളെ ടീമില്‍ നിര്‍ത്താതിരിക്കുകയാണ് ഇവരുടെ വഴി. അവര്‍ ടീമില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തല്‍,’ തിവാരി പറഞ്ഞു.
ഗംഭീര്‍ പരിശീലക സ്ഥാനത്ത് എത്തിയതിനു പിന്നാലെ ഒട്ടേറെ വിവാദങ്ങള്‍ ഉടലെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണകരമല്ലാത്ത ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. അശ്വിന് വിരമിച്ചത് ഗംഭീര്‍ പരിശീലകനായി എത്തിയതുകൊണ്ടാണ്. രോഹിത്തിനും വിരാടിനും അങ്ങനെ തന്നെ. ടീമില്‍ അപ്രതീക്ഷിതമായി ഉള്‍പ്പെടുന്നവര്‍ നേരിട്ട് പ്ലേയിങ് ഇലവനില്‍ പോലും എത്തുന്നു – തിവാരി വിമര്‍ശിച്ചു.
കോലിയും രോഹിത്തും ഇന്ത്യന്‍ ക്രിക്കറ്റിനു വലിയ സംഭാവനകള്‍ നല്കിയവരാണ്. സ്വന്തം വ്യക്തിത്വത്തിനു മോശമാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ഡ്രസിങ് റൂമില്‍ തങ്ങള്‍ വേണ്ടെന്ന് അവര്‍ക്കു തോന്നുകയും ചെയ്യുന്ന നിമിഷം വന്നാല്‍ വിരമിക്കലിനെ കുറിച്ച് അവര്‍ ആലോചിച്ചു പോകും. ലോകകപ്പ് പദ്ധതികളില്‍ കോലിയെയും രോഹിത്തിനെയും പോലുള്ള മികച്ച താരങ്ങളെ ഉള്‍പ്പെടുത്താന്‍ ഗംഭീര്‍ തയ്യാറല്ലെങ്കില്‍ അത് ഏറ്റവും മോശം തീരുമാനമായിരിക്കുമെന്നും തിവാരി പറയുന്നു.
















