Homepage Featured Kerala News

മുണ്ടക്കൈ-ചൂരൽമല ദുരന്തം; കടം എഴുതിത്തള്ളില്ലെന്ന കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്ന് ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിരയായവരുടെ കടം എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലെ നിലപാട് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകകൾ താരതമ്യം ചെയ്ത കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും കേരളത്തോട് ചിറ്റമ്മ നയമെന്നും കോടതി പറഞ്ഞു.

കടം എഴുതിത്തള്ളുന്നത് കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും ബാങ്ക് നടപടികളിൽ ഇടപെടാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ദുരന്ത ബാധിതരുടെ ജപ്തി നടപടികൾ‍ തടയാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് അം​ഗീകരിക്കാനാകില്ലെന്നാണ് ഇപ്പോൾ ഹൈക്കോടതി വ്യക്തമാക്കിയത്.

വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാൻ ഈ വർഷം ജനുവരി 31 ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വായ്പ എഴുതിത്തള്ളാനാകില്ലെന്നും മൊറൊട്ടോറിയം പ്രഖ്യാപിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ എഴുതിത്തള്ളാനുള്ള അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

തുടർന്ന് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ അനുമതി നൽകുന്ന 13-ാം വകുപ്പ് ദുരന്ത നിവാരണ നിയമത്തിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ വായ്പ എഴുതിത്തള്ളുന്നതിൽ നിന്ന് കൈയൊഴിയാൻ ശ്രമിച്ചു. കോടതി വിഷയത്തിൽ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ടതോടെ കേന്ദ്രസർക്കാർ സമയം നീട്ടി ചോദിക്കുകയും ചെയ്തിരുന്നു.

Related Posts